യുഎഇയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം എംബാം നടപടികള്‍ക്ക് അയച്ചു. ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മലയാളി തൃശൂർ പുന്നയൂർകുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലേക്ക് എത്തിക്കുന്നത്.ബില്‍ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നല്കാൻ ബാക്കി ഉണ്ടായിരുന്നു. പണം അടക്കാതെ തന്നെ ആശുപത്രി മൃതദേഹം വിട്ടുനല്‍കാൻ വേണ്ട നടപടി സ്വീകരിച്ചു.
ആശുപത്രി തന്നെ തങ്ങളുടെ ചാരിറ്റി ഫണ്ടില്‍ നിന്ന് തുകയെടുത്താണ് സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്. പ്രവാസി സാമൂഹ്യ പ്രവർത്തകർ വിഷയത്തില്‍ ഇടപെട്ടു. മൃതദേഹം എംബാം ചെയ്യുന്നതിന് ആശുപത്രിയില്‍ നിന്നും കൊണ്ടുപോയി. ഏപ്രില്‍ അഞ്ചിനാണ് സുരേഷ് ആശുപത്രിയിലായത്. പനി ബാധിച്ചാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ന്യൂമോണിയ സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാക്കി. ദിവസങ്ങളോളം വെന്റിലേറ്ററില്‍ തുടര്‍ന്ന സുരേഷ് കുമാര്‍ 14 ദിവസം മുൻപ് മരിച്ചു. ആശുപത്രിയില്‍ നാല് ലക്ഷത്തിലേറെ ദിര്‍ഹമാണ് ചികിത്സയ്ക്ക് ചെലവായത്.