അബുദാബി: യുഎഇ പൗരന്മാരുടെ പാസ്പോര്‍ട്ട് കാലാവധി പത്ത് വര്‍ഷമാക്കി ഉയര്‍ത്തിയതായി എമിറേറ്റ്സ് പാസ്പോര്‍ട്ട് അതോറിറ്റി. ജൂലൈ എട്ട് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ജൂലൈ എട്ട് മുതല്‍ അപേക്ഷിക്കുന്ന 21 വയസ്സോ അതിന് മുകളിലോ പ്രായമുള്ള പൗരന്മാര്ക്ക് പുതിയ സേവനം ലഭ്യമാണെന്ന് ഫെഡറല്‍ അതോറിറ്റിഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്സ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. 2024 മാർച്ചില്‍ യു.എ.ഇ കാബിനറ്റ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
സാധാരണയായി അഞ്ച് വര്‍ഷമായിരുന്നു പാസ്പോര്‍ട്ടിന്റെ കാലാവധി. അഞ്ച് വർഷം കൂടുമ്പോള്‍ പാസ്പോർട്ട് പുതുക്കുന്നതിലൂടെ ഉണ്ടാകുന്ന പൗരന്മാരുടെ സമയനഷ്ടം കുറക്കുന്നതിനാണ് കാലാവധി വർധിപ്പിച്ചുകൊണ്ടുള്ള നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
നിലവില്‍ കാലാവധിയുള്ള പാസ്പോർട്ട് പുതുക്കുന്ന സമയത്ത് അവർക്ക് 10 വർഷം കാലാവധിയുള്ള പാസ്പോർട്ട് അനുവദിക്കും. യുഎഇ പൗരത്വം ലഭിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും ഈ കാലയളവിലേക്ക് പുതുക്കും. മബ്റൂക് മാ യാക് എന്ന പ്ലാറ്റ്ഫോമിലൂടെ അപേക്ഷിച്ചാല്‍ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ ഉടൻ തന്നെ വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.