മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ. ബിജെപി ഒരു പാർട്ടി ഒരു രാജ്യം എന്നനിലയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകുകയാന്നെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾ തന്നോട് ഇങ്ങനെ ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു.
‘എനിക്ക് വിശ്വസിക്കാനാകുന്നില്ല. എന്റെ ജനങ്ങൾ എന്നോട് തന്നെ ഇങ്ങനെ ചെയ്യുമെന്ന്. കൊവിഡ് കാലഘട്ടത്ത് ഒരു കുടുംബനാഥനെപ്പോലെയാണ് ഞാൻ ജനങ്ങൾക്കൊപ്പം നിന്നത്. ജനങ്ങൾ ഞങ്ങളെയാണ് കേട്ടത്. അമിത് ഷായെയും മോദിയെയും കേൾക്കേണ്ട എന്ന് ജനങ്ങൾ തന്നെ പറയുന്നുണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് അവർക്കിത്ര വോട്ട് കിട്ടിയത്? ഉദ്ദവ് താക്കറെ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ അതിഭീകര ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് മഹായുതി സഖ്യം. സഖ്യത്തിലെ നിയുക്ത എംഎൽഎമാരുടെ നിയമസഭാ കക്ഷയോഗം ഇന്ന് നടക്കും.
നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഉൾപ്പെടെയുള്ള ചർച്ചകൾ ആയിരിക്കും യോഗത്തിൽ ഉണ്ടാവുക. ബിജെപിയുടെയും ഷിൻഡെ വിഭാഗം ശിവസേനയുടെയും, അജിത് വിഭാഗം എൻസിപിയുടെയും നിയമസഭാ കക്ഷി യോഗത്തിന് തുടർച്ചയായിട്ടായിരിക്കും മഹായുതി സഖ്യത്തിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരുക. 130 ഓളം സീറ്റ് ലഭിച്ച ബിജെപി മുഖ്യമന്ത്രി സ്ഥാനം ഇക്കുറി വിട്ട് നൽകാൻ ഇടയില്ല.
രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ നേതാക്കൾ ഇന്ന് മുംബൈയിൽ സംസ്ഥാനത്തെ നേതാക്കളുമായി മന്ത്രിസഭാ രൂപീകരണ ചർച്ച നടത്തും. അതിൽ ഉണ്ടാകുന്ന തീരുമാനത്തിന് തുടർച്ചയായിട്ടാകും ഘടകകക്ഷികളുമായുള്ള ആശയവിനിമയവും സംയുക്ത നിയമസഭാ കക്ഷി യോഗവും. ഉപമുഖ്യമന്ത്രിപദം 2 പ്രധാന ഘടകകക്ഷികൾക്ക് നൽകുന്നതിൽ ബിജെപി എതിര് നിൽക്കാനിടയില്ല. ഏകനാഥ് ഷിൻഡെയ്ക്ക് ഒരുതവണകൂടി മുഖ്യമന്ത്രിപദം നൽകണമെന്ന നിലപാടാണ് ശിവസേന ഷിൻഡെ വിഭാഗത്തിനുള്ളത്.