ഈ വർഷം പ്രഖ്യാപിച്ച കായകല്പ അവാർഡിൽ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനവുമായി ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രം. രണ്ടാം തവണയാണ് ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. കൂടാതെ ജനകീയാരോഗ്യ കേന്ദ്രങ്ങൾക്കുള്ള അവാർഡിൽ രണ്ടാം സ്ഥാനം ഉടുമ്പൻ ചോല കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിലുള്ള മാവടി ജനകീയാരോഗ്യ കേന്ദ്രവും സ്വന്തമാക്കി. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ ജില്ലാ സംസ്ഥാന അവാർഡ് നിർണയ സമിതികൾ പരിശോധിച്ചാണ് ഈ അവാർഡ് നൽകുന്നത്.
നാഷണൽ ക്വാളിറ്റി അഷ്വറൻസ്, കാഷ് തുടങ്ങി ഒട്ടേറെ ദേശീയ, സംസ്ഥാന, ജില്ലാ തല പുരസ്കാരങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കുടുംബാരോഗ്യ കേന്ദ്രം സ്വന്തമാക്കിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ മികച്ച സേവനങ്ങളാണ് ആരോഗ്യ മേഖയിൽ നൽകികൊണ്ടിരിക്കുന്നത്. ഉടുമ്പൻചോല എംഎൽഎ എം.എം മണിയുടെയും, ഉടുമ്പൻ ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജികുമാറിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെയും പിന്തുണയോടെ മെഡിക്കൽ ആഫീസർ ഡോ: മിലിയുടെ നേതൃത്വ ത്തിലുള്ള ജീവനക്കാരുടെ അശ്രാന്ത പരിശ്രമമാണ് ഈ അവാർഡുകൾക്ക് കാരണമായത്. രാജ്യത്തെ തന്നെ മികച്ച സർക്കാർ ആശുപത്രികൾക്ക് നൽകുന്ന അംഗീകാരങ്ങളും, പുരസകാരങ്ങളും വീണ്ടും വീണ്ടും എത്തുന്നതിൻ്റെ ആഹ്ലാദത്തിലാണ് ജീവനക്കാരും പഞ്ചായത്ത് ഭരണസമിതിയും.