കൊച്ചി :സംസ്ഥാനത്ത് റംസാൻ-വിഷു വിപണന മേളകള്‍ നടത്താൻ കണ്‍സ്യൂമർഫെഡിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്കി. വിപണനമേളകളെ സർക്കാർ യാതൊരുതരത്തിലുള്ള പ്രചാരണത്തിനും ഉപയോഗിക്കരുതെന്ന നിർദ്ദേശത്തോടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ചന്തകളുടെ നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് 250 ചന്തകള്‍ തുടങ്ങാനുള്ള നീക്കമാണ് വോട്ടർമാരെ സ്വാധീനിക്കുമെന്ന് ചൂണ്ടികാട്ടി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. ഇതിനെതിരെയാണ് കണ്‍സ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചത്.
ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരു പബ്ലിസിറ്റിയും നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഉത്സവ ചന്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ കണ്‍സ്യൂമെര്‍ ഫെഡ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. റംസാന് -വിഷു ചന്തകളുടെ അനുമതിയാണ് നിഷേധിച്ചിരുന്നത്. റംസാൻ കഴിഞ്ഞെങ്കിലും റംസാൻ-വിഷു ആഘോഷങ്ങളുടെ ഭാഗമായി വിപണന മേളകള്‍ ആരംഭിക്കാൻ ഹൈക്കോടതി അനുമതി നല്‍കിയത് സര്‍ക്കാരിന് ആശ്വാസമായി. പൊതുജനങ്ങളുടെ താല്പര്യവും ചന്ത തുടങ്ങാൻ സാധനങ്ങള്‍ വാങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചതും കണക്കിലെടുത്താണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. സംസ്ഥാനത്ത് റംസാൻ-വിഷു ചന്തകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേര്‍പ്പെടുത്തിയതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്കിയ ഹര്‍ജി രാവിലെ പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്നായിരുന്നു ഹൈക്കോടതി വിമര്‍ശനം. ചന്ത തുടങ്ങാൻ തീരുമാനിച്ച സമയമാണ് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യത്തില്‍ എങ്ങനെ കുറ്റം പറയാനാകുമെന്നും കോടതി ആരാഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനം ആണെങ്കില്‍ നൂറ് ശതമാനവും കോടതി സര്‍ക്കാരിനൊപ്പം നില്ക്കും. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണെങ്കില്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കേണ്ടയെന്നും കോടതി ചോദിച്ചു. 13 സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ തരുന്നു എന്ന് പറഞ്ഞ് സർക്കാർ അജണ്ട ഉണ്ടാക്കുന്നതിനെ ആണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ എതിർക്കുന്നത്. ഒരു മനുഷ്യന്റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വിമര്‍ശിച്ചു. വിതരണത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് മാര്‍ച്ച് ആറിന് രജിസ്ട്രാറിന് നല്കിയ ശുപാര്‍ശ ഹാജരാക്കാൻ കോടതി നിര്‍ദേശിക്കുകയായിരുന്നു.