ടൊറന്റോ: മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വരവ് കുറയ്‌ക്കാനൊരുങ്ങി കനേഡിയൻ സര്‍ക്കാര്‍. നിയന്ത്രണാതീതമായതിനാല്‍ വരും മാസങ്ങളില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.ഒരു കനേഡിയൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവില്‍ വിവിധ സ്ഥാപനങ്ങളിലായി ഒമ്ബത് ലക്ഷത്തോളം അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ പഠിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. എണ്ണം പരിമിതപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും കൃത്യമായ കണക്ക് മന്ത്രി വ്യക്തമാക്കിയിട്ടില്ല. എത്ര ശതമാനത്തോളം കുറവ് വരുത്തുമെന്ന് ചര്‍ച്ചകള്‍ നടത്തിയ ശേഷം അറിയിക്കുമെന്നും മാര്‍ക്ക് മില്ലര്‍ പറഞ്ഞു.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസണ്‍ഷിപ്പ് കാനഡ നല്‍കുന്ന വിവരം അനുസരിച്ച്, രാജ്യത്ത് ഏറ്റവും കൂടുതല്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുള്ളത് ഇന്ത്യയില്‍ നിന്നാണ്. 2023 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, 5,79,075 അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളില്‍ 215,910ഉം ഇന്ത്യക്കാരാണ്. 2022ല്‍ 548,785ല്‍ 225,835 ഉം ഇന്ത്യക്കാരാണ്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കാനഡ സ്വീകരിച്ചുവരികയാണ്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ നല്‍കിയ അപേക്ഷകരില്‍, വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് 12.7 ലക്ഷം രൂപ (CA$ 20,635) അക്കൗണ്ടില്‍ ഉണ്ടെന്ന് കാണിക്കേണ്ടതുണ്ട്. നേരത്തേ ഇത് 6.14 ലക്ഷം രൂപ (CA$ 10,000) ആയിരുന്നു.