പുന്നത്തുറ: സൈക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ചു വച്ചിരുന്ന പണം വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്കി യുകെജി വിദ്യാര്‍ഥിനി. പുന്നത്തുറ ഗവ. യു പി സ്കൂള്‍ വിദ്യാര്‍ത്ഥിനി ആരുഷ രജിന് ആണ് തന്റെ കുടുക്കയിലെ സമ്പാദ്യം മൊത്തം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. അണ്ണാന് കുഞ്ഞിനും തന്നാലായത് എന്ന പഴഞ്ചൊല്ല് കേട്ട് വളരുന്ന പ്രായമാണ് കുഞ്ഞു ആരുഷയുടേത്. എന്നാല്‍ ആ ചൊല്ലിനെ അര്‍ത്ഥ പൂര്‍ണമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. വയനാടിന്റെ കണ്ണീരൊപ്പന്‍ നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍ തന്റെ സമ്പാദ്യമൊന്നാകെ ദുരിത ബാധിതരെ സഹായിക്കാനായി കുഞ്ഞ് ആരുഷയും നല്കി. ഒരു കുഞ്ഞു സൈക്കിള്‍ വാങ്ങാനായി ആരുഷ സ്വരുക്കൂട്ടി വച്ച പണമാണ് കുടുക്ക പൊട്ടിക്കാതെ അപ്പാടെ കൈമാറിയത്.
മത്സ്യഫെഡിലെ താത്കാലിക ജീവനക്കാരനായ അച്ഛന് രജിനും പള്ളക്കത്തോട് ഐടിഐയിലെ ഗസ്റ്റ് ലക്ചറര്‍ ആയ അമ്മയും ഇടയ്ക്കു നല്കുന്ന പണമാണ് ആരുഷ കുടുക്കയിലിട്ട് സൂക്ഷിച്ചിരുന്നത്. കുടുക്കയില്‍ ഇപ്പോള്‍ എത്ര പണമുണ്ടെന്ന് കുഞ്ഞു ആരുഷയ്ക്ക് അറിയില്ല. ചില്ലറത്തുട്ടുകളും നോട്ടുകളുമൊക്കെയായി നല്ല കനമുണ്ടെന്ന് മാത്രം അറിയാം. സൈക്കിള്‍ പിന്നെയാണെങ്കിലും മേടിക്കാം എന്നാണ് ആരുഷയ്ക്ക് പറയാനുള്ളത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് പഠികര ആരുഷയില്‍ നിന്നും കുടുക്ക ഏറ്റുവാങ്ങി. കുരുന്നു പ്രായത്തിലെ സമ്പാദ്യശീലവും സഹജീവികളോടുള്ള സഹനുഭൂതിയും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ആരുഷയ്ക്ക് ചെയര്‍പേഴ്സണ്‍ പൂച്ചെണ്ട് നല്കി അനുമോദിച്ചു. നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ് ബീനയാണ് പരുപാടിയിൽ അധ്യക്ഷത വഹിച്ചത്. കൗണ്‍സിലര്‍ ബിബീഷ് ജോര്‍ജ്ജ്, എസ്എസ്ടി പ്രസിഡന്റ് എം. കെ സുഗതന്, പിടിഎ പ്രസിഡന്റ് ജോസ്മി ജോസഫ്, സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജോ ജോസഫ്, സ്റ്റാഫ് പ്രതിനിധി ജോബിന് കെ ജെ, തുടങ്ങിയവര്‍ പരുപാടിയിൽ പ്രസംഗിച്ചു.