കീവ് : ലോകം മുഴുവൻ ഉറ്റുനോക്കിയിരുന്ന റഷ്യ – ഉക്രെയിൻ യുദ്ധം വീണ്ടും അതിരൂക്ഷം. കിഴക്കന്‍ ഉക്രേനിയന്‍ നഗരമായ ക്രാമാറ്റോര്‍സ്കിലെ റെയില്‍വേ സ്റ്റേഷന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു.100 ലേറെ പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായി യുക്രൈന്‍ റെയില്‍വേ കമ്പനി അറിയിച്ചു.
യുദ്ധത്തില്‍ അകപ്പെട്ട ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി സഞ്ചരിച്ചിരുന്ന റെയില്‍വേ സ്റ്റേഷന്‍ ആണ് ഇന്ന് റഷ്യന്‍ ആക്രമണത്തിന് ഇരയായത്. രണ്ട് റഷ്യന്‍ റോക്കറ്റുകള്‍ ആണ് റെയില്‍വേ സ്റ്റേഷന് നേരെ പതിച്ചത്. സംഭവം നടക്കുമ്പോള്‍ ആയിരങ്ങള്‍ സ്റ്റേഷന് അകത്തുണ്ടായിരുന്നതായി കിഴക്കന്‍ യുക്രൈന്‍ പ്രാദേശിക ഗവര്‍ണര്‍ പാവ്‌ലോ കിറിലെങ്കോ ടെലിഗ്രാം വഴി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോക്കറ്റ് ആക്രമണത്തോട് വളരെ രൂക്ഷമായാണ് യുക്രൈന്‍ പ്രസിഡന്‍റ് പ്രതികരിച്ചത്. റഷ്യയുടെ റോക്കറ്റ് ആക്രമണത്തെ “പരിധികളില്ലാത്ത തിന്മ” എന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലെന്‍സ്‌കി വിശേഷിപ്പിച്ചത്. “അവര്‍ സാധാരണ ജനങ്ങളെ ക്രൂരമായി നശിപ്പിക്കുകയാണ്. ഇത് പരിധികളില്ലാത്ത തിന്മയാണ്. ശിക്ഷിച്ചില്ലെങ്കില്‍, ഇതിന് അവസാനമുണ്ടാകില്ല,” അദ്ദേഹം പറഞ്ഞു.
അതെ സമയം സ്റ്റേഷന് പുറത്ത് ഇരുപതിലധികം മൃതദേഹങ്ങള്‍ കുന്നുകൂടി കിടക്കുന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേഷനോട് ചേര്‍ന്നുള്ള പ്ലാസ്റ്റിക് ഷീറ്റിന് താഴെയാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടതെന്ന് എ.എഫ്.പി അറിയിച്ചു. പ്രദേശത്ത് രക്തം തളം കെട്ടി കിടക്കുന്നതായും നിരവധി ബാഗുകള്‍ ഒരുമിച്ച് ചേര്‍ന്നുകിടക്കുന്നതായും രക്ഷാപ്രവര്‍ത്തകരിലൊരാള്‍ ‘ദ ജേണല്‍’ മാധ്യമത്തോട് പറഞ്ഞു.