മോസ്‌കോ: തന്ത്രപരമായ ആണവായുധങ്ങള്‍ ബെലാറസിന് കൈമാറിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. യുക്രെയ്‌നിന് എതിരായ യുദ്ധത്തില്‍ മേല്‍ക്കൈ നേടാനും അമേരിക്കയേയും പാശ്ചാത്യ ശക്തികളെയും നിലക്ക് നിര്‍ത്താനുമായി ആണവായുധങ്ങള്‍ കൈമാറുമെന്ന് പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ നടപ്പായിരിക്കുന്നത്. നേരത്തെ ആസൂത്രണം ചെയ്തത് പ്രകാരം ബെലാറൂസിന് ആദ്യഘട്ട ആണവായുധങ്ങള്‍ കൈമാറി എന്നാണ് പുടിന്‍ പറഞ്ഞത്.
സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ രാജ്യാന്തര സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യഘട്ട ആണവായുധങ്ങളാണ് കൈമാറിയിരിക്കുന്നതെന്നും ഈ വര്‍ഷം അവസാനത്തോടെ തങ്ങള്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും പുടിന്‍ പ്രഖ്യാപിച്ചു. റഷ്യയുടെ സഖ്യകക്ഷിയായ ബെലാറസില്‍ തന്ത്രപരമായ ആണവായുധങ്ങള്‍ സ്ഥാപിക്കുമെന്ന് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പുടിന്‍ പ്രഖ്യാപിച്ചത്.തന്ത്രപരമായ പ്രത്യേക യുദ്ധോപകരണങ്ങളുടെ സംഭരണത്തിലും ഉപയോഗത്തിലും ബെലാറസിലെ സൈനികര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും ആയുധങ്ങളുടെ നിയന്ത്രണം റഷ്യയ്ക്ക് തന്നെയായിരിക്കും. അതേസമയം ആയുധങ്ങള്‍ തങ്ങളുടെ രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ പറഞ്ഞു. പുടിന്റെ ഉറ്റസുഹൃത്താണ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനാണ് ആയുധങ്ങള്‍ വിന്യസിക്കുന്നതെന്നും നിലവില്‍ ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യമില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റഷ്യ, യുക്രെയ്‌നിനെതിരെ ആണവായുധം ഉപയോഗിച്ചേക്കും എന്നാണ് പല രാജ്യങ്ങളുടേയും വിലയിരുത്തല്‍. അതിനിടെ റഷ്യ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങുന്നതിന്റെ സൂചനകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
യുക്രെയ്‌നിലേക്ക് പാശ്ചാത്യശക്തികളും അമേരിക്കയും വ്യാപകമായി ആയുധങ്ങള്‍ എത്തിക്കുന്നു എന്ന് നേരത്തെ റഷ്യ ആരോപിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ആണവായുധങ്ങള്‍ ബെലാറസിന് കൈമാറിയിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം മോസ്‌കോയുടെ പുറത്തേക്ക് റഷ്യ ആണവായുധങ്ങള്‍ കൈമാറുന്നത് ഇതാദ്യമായാണ്. ആണവായുധമുക്ത രാഷ്ട്രമായിരുന്ന ബെലാറസ് കഴിഞ്ഞ വര്‍ഷമാണ് റഷ്യയെ സഹായിക്കാനായി ഇത് നീക്കി ഭരണഘടനാ ഭേദഗതി ചെയ്തത്.
അതേസമയം ബെലാറൂസില്‍ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള റഷ്യയുടെ നീക്കം അമേരിക്കയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ ആയുധങ്ങള്‍ നല്‍കി യുക്രെയ്‌നെ സഹായിക്കുന്ന അമേരിക്കയെയും യൂറോപ്പിനെയും പിന്തിരിപ്പിക്കാനാണ് റഷ്യയുടെ ശ്രമം. ഇതോടൊപ്പം നാറ്റോ സഖ്യത്തില്‍ യുക്രെയ്‌നിന് അംഗത്വം നല്‍കുന്നതിനെ തടയുക എന്നതും പുടിന്‍ ലക്ഷ്യമിടുന്നുണ്ട്. നാറ്റോ സഖ്യത്തില്‍ യുക്രെയ്‌നെയും ഉള്‍പ്പെടുത്തണമെന്ന് പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി നിരന്തരം ആവശ്യപ്പെടുന്നുണ്ട്.