മോസ്കോ: യുക്രൈന് പോരാട്ടം അവസാനിപ്പിക്കുന്നത് വരെ സൈനിക നടപടി തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇപ്പോഴത്തെ പോരാട്ടം നടക്കുന്നതെന്നും യാഥാര്‍ത്ഥ്യം മനസിലാക്കി യുക്രൈന് ക്രിയാത്മകമായി ഇടപെടണമെന്നും ക്രെംലിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
യുക്രൈനിലെ തുറമുഖ നഗരമായ ഒഡേസ തകര്‍ക്കാന്‍ റഷ്യ ശ്രമിക്കുന്നതിനായി യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി ആരോപിച്ചു. വിന്നിറ്റ്സ്യ നഗരത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയെന്നും ആരോപണമുണ്ട്. എട്ട് മിസൈലുകള്‍ പതിച്ചെന്നാണ് യുക്രൈന്റെ അവകാശവാദം. വിന്നിറ്റ്സ്യയിലെ വിമാനത്താവളം പൂര്‍ണമായും തകര്‍ത്തെന്നും യുക്രൈന് ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം മരിയുപോളില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രഖ്യാപനം പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി പ്രത്യേക പാത ഒരുക്കിയിട്ടുണ്ട്. റെഡ്ക്രോസിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടി.
റഷ്യ-യുക്രൈന് യുദ്ധത്തെത്തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രശ്നമാണെന്ന് യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷ്ണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ 15 ലക്ഷം അഭയാര്‍ത്ഥികള്‍ യുക്രൈനില്‍ നിന്നും അയല്‍ രാജ്യങ്ങളിലേക്ക് കടന്നതായി അദ്ദേഹം വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എല്ലാവിധ മാനുഷിക പരിഗണനയും നല്‍കുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് വ്യക്തമാക്കി.