വൈക്കം: ഉല്ലല കലാ സാംസ്‌കാരിക ചാരിറ്റബിൾ സൊസൈറ്റിയുടെ 24 ഫ്രെയിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 15 മുതൽ 17 വരെ നടക്കും. ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി.എഫ് മാത്യൂസ്, സംവിധായകൻ തരുൺ മൂർത്തി, സംവിധായകൻ ആനന്ദ് ഏകർഷി, നടൻ വിനയ് ഫോർട്ട് എന്നിവർ പങ്കെടുക്കും. നവംബർ 15 ന് ചലച്ചിത്രമേളയിൽ രാവിലെ 11 ന് ബൈസൈക്കിൾ തീവ്‌സ് (ഇറ്റാലിയൻ), രണ്ടിന് പാഥേർ പാഞ്ചാലി (ബംഗാളി), ഏഴരയ്ക്ക് സൗദി വെള്ളക്ക (മലയാളം) , നവംബർ 16 ന് രാവിലെ 9.03 ന് ലൈഫ് ഈസ് ബ്യൂട്ടിഫുൾ (ഇറ്റാലിയൻ) , 12 ന് ബാറ്റിൽഷിപ്പ് പൊട്ടംകിൻ (റഷ്യൻ), രണ്ടരയ്ക്ക് കോർട്ട് (മറാഠി), വൈകിട്ട് 7.30 ന്് കാതൽ (മലയാളം), നവംബർ 17 ന് രാവിലെ 09.30ന് ചിൽഡ്രൻസ് ഓഫ് ഹെവൻ (പേർഷ്യൻ), 11.15 ന് താബരന കഥെ (കന്നട), 2.45 ന് ബാന്ധോൻ (ആസാമീസ്), വൈകിട്ട് 7.30 ന് ആട്ടം (മലയാളം), എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
നവംബർ 15 ന് രാവിലെ 10.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി.എഫ് മാത്യൂസ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേശ് പി.ദാസ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. വൈകിട്ട് ആറിന് ചലച്ചിത്രം ചരിത്രം, സ്മൃതി എന്ന വിഷയം സംവിധായകൻ തരുൺ മൂർത്തി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ കെ.എസ് ബൈജു അധ്യക്ഷത വഹിക്കും. നവംബർ 17 ന് വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചലച്ചിത്രം കാഴ്ച അനുഭവം പരിപാടിയിൽ സംവിധായകൻ ആനന്ദ് ഏകർഷി, നടൻ വിനയ് ഫോർട്ട് എന്നിവർ പങ്കെടുക്കും.