കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ ഉമ തോമസിന്‍റെ മകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്.
ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോര്‍ഡ് നൽകും. കണ്ണുകള്‍ തുറന്നതും കൈകാലുകള്‍ അനക്കിയതും ശുഭപ്രതീക്ഷ നൽകുന്നതാണ്. രാവിലെ 8.30ന് ഉമ തോമസ് എംഎൽഎയെ ബ്രോഹ്കോസ്കോപ്പി ടെസ്റ്റിന് വിധേയമാക്കും. ഇതുവരെ ഉമ തോമസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു ഇന്നലെ രാത്രിവരെ റിനൈ മെഡിസിറ്റിയിലെ മെഡിക്കൽ സംഘം അറിയിച്ചിരുന്നത്. ഉമ തോമസിന്‍റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൃത്യമായ വിവരം ഇന്ന് രാവിലെ പത്തോടെയായിരിക്കും ലഭിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവത്തിൽ സംയുക്ത പരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നു. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച എന്നാണ് സംയുക്ത പരിശോധന റിപ്പോർട്ട്. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെയാണെന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.