തിരുവനന്തപുരം: പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വിലാപയാത്രയായി ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചു. വിമാനത്താവളത്തിൽ നിന്ന് വിലാപയാത്രയായി പുതുപ്പള്ളി ഹൗസിലെത്തിച്ച മൃതദേഹത്തിന് വഴിനീളെ ജനക്കൂട്ടം അന്ത്യാഭിവാദ്യമർപ്പിച്ചു.
നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പുതുപ്പള്ളി ഹൗസിലുണ്ട്. ഏറെ പണിപ്പെട്ടാണ് ആംബുലൻസിൽ നിന്ന് മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക് ഇറക്കിയത്. പുതുപ്പള്ളി ഹൗസിൽ പ്രത്യേക പ്രാർത്ഥന വൈദികരുടെ നേതൃത്വത്തിൽ നടത്തി. ഇതിന് ശേഷം പൊതു ദർശനത്തിനായി സെക്രട്ടേറിയേറ്റ് ദർബാർ ഹാളിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് കെപിസിസി ആസ്ഥാനത്തും തുടർന്ന് രാത്രി തിരികെ പുതുപ്പള്ളി ഹൗസിലേക്കും ഭൗതിക ശരീരം എത്തിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ രാവിലെ കോട്ടയത്തേക്ക് വിലാപയാത്രയായി പുറപ്പെടും. വഴിനീളെ ജനങ്ങളുടെ അന്ത്യാഭിവാദ്യവും ആദരവും ഏറ്റുവാങ്ങി കോട്ടയത്ത് എത്തിക്കുന്ന ഭൗതിക ശരീരം വൈകിട്ട് അഞ്ച് മണി മുതൽ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും.
മറ്റന്നാൾ പുതുപ്പള്ളിയിലെ ഇടവക പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിക്കുക. കുടുംബ കല്ലറയുണ്ടെങ്കിലും ഇവിടെയാവില്ല ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്ര. വൈദികരുടെ കല്ലറയ്ക്ക് ഒപ്പം പ്രത്യേക കല്ലറയുണ്ടാക്കി ഇവിടെയാണ് ഉമ്മൻചാണ്ടിയുടെ അന്ത്യനിദ്രയ്ക്ക് ഇടം ഒരുക്കുന്നത്.