വെഞ്ഞാറമൂട് : ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വെഞ്ഞാറമൂട് പിന്നിട്ടു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി പ്രായഭേദമന്യേ ആയിരക്കണക്കിന് ആളുകളാണ് വെഞ്ഞാറമൂട് എത്തിയത്. തൊണ്ടയിടറി കണ്ണു നിറഞ്ഞ് തന്റെ പ്രിയനേതാവിന് അവർ അവസാനമായി അഭിവാദ്യം അർപ്പിച്ചു.
രാവിലെ ഏഴു മണിക്ക് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും ആരംഭിച്ച വിലാപയാത്ര ഇപ്പോഴും തിരുവനന്തപുരം ജില്ല പോലും കടന്നിട്ടില്ല. ഓരോ സ്ഥലത്തും സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി കാത്തു നിൽക്കുന്നത്. ഇതി കൊല്ലവും, പത്തനംതിട്ടയുമടക്കം കടന്നു വേണം വിലാപയാത്രക്കു കോട്ടയത്ത് എത്താൻ. നിലവിലെ സമയക്രമങ്ങൾ എല്ലാം മാറി മറിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ഡിസിസി ഓഫീസിലെ ആദരത്തിന് ശേഷം തിരുനക്കര മൈതാനിയിലാണ് പൊതുദര്‍ശനത്തിന് വെക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ സ്ഥിതി അനുസരിച്ച് രാത്രിയോടെ മാത്രമേ കോട്ടയത്തേക്ക് എത്താൻ കഴിയൂ എന്നാണ് നിഗമനം.
മന്ത്രി വിഎൻ വാസവൻ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ കാത്ത് നിൽക്കുന്നവർ വാഹനത്തിനകത്തേക്ക് കയറാൻ കഴിയാത്തതിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. പരമാവധി വേഗത്തിൽ വാഹനവ്യൂഹത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആൾക്കൂട്ടത്തെ മറികടന്ന് പോകാനാകുന്നില്ല.
മുദ്രാവാക്യങ്ങളോടെയും നിറകണ്ണുകളോടെയുമാണ് വഴിയരികിൽ നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകർ വിലാപയാത്രയെ വരവേൽക്കുന്നത്. പലയിടത്തും ആൾക്കൂട്ടം മറികടന്നു പോകാനാവാത്ത സ്ഥിതിയും ഉണ്ടായി. പൊലീസും കോൺഗ്രസ് പ്രവർത്തകരും വഴിയരികിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെടുന്നുണ്ട്.
തിരുനക്കര മൈതാനിയിലെ പൊതുദര്‍ശനത്തിന് ശേഷം പുതുപ്പള്ളി തറവാട് വീട്ടിലേക്ക് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം എത്തിക്കും. ഇവിടെ നിന്ന് പ്രാര്‍ത്ഥനയ്ക്ക് ശേഷം പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലേക്ക് എത്തിക്കും. വ്യാഴാഴ്ച പുതുപ്പള്ളി കവലയില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി പള്ളിയില്‍ എത്തിക്കും. പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുക്കിയിട്ടുണ്ട്. കരോട്ട് വള്ളക്കാലില്‍ കുടുംബ കല്ലറ നിലനില്‍ക്കെ വൈദീകരുടെ കല്ലറയോട് ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചു മണിക്കാണ് അനുശോചന സമ്മേളനം.
അതേസമയം, ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ എത്തും. പുതുപ്പള്ളിയിൽ നടക്കുന്ന ചടങ്ങുകൾക്കാണ് രാഹുൽ എത്തുക. ഇന്നലെ ബംഗളുരുവിലുള്ള മന്ത്രി ടി ജോണിന്റെ വീട്ടിൽ എത്തിരാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു. കുടുംബത്തെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചാണ് മടങ്ങിയത്.