ലഖ്നൗ: രണ്ട് വർഷത്തിനിടെ ഉത്തർപ്രദേശില്‍ എട്ടായിരത്തിലധികം കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവും 70 പ്രതികള്‍ക്ക് വധശിക്ഷയും നല്‍കിയെന്ന് സംസ്ഥാന പോലീസ് മേധാവി രാജീവ് കൃഷ്ണ. കുറ്റകൃത്യങ്ങളോടും അഴിമതിയോടും യുപി പോലീസിന്റെ വിട്ടുവീഴ്ചയില്ലാത്ത നയമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് യുപി ഡിജിപിയുടെ വെളിപ്പെടുത്തല്‍.
സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലുള്ള സംവിധാനമാണ് നടപ്പാക്കുന്നതെന്നും ഡിജിപി പറഞ്ഞു. 2023 ജൂലായ് ഒന്ന് മുതല്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ ശിക്ഷിക്കപ്പെട്ടു, ഇതില്‍ 70 പേർക്ക് വധശിക്ഷയും 8,785 പേർക്ക് ജീവപര്യന്തം തടവും ലഭിച്ചു. ഈ കണക്കുകള്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ സേനയുടെ ദൃഢനിശ്ചയത്തിന്റെ തെളിവാണ്’ സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 മുതല്‍ 34 മാഫിയ തലവന്മാരും അവരുടെ 91 കൂട്ടാളികളും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും, ഇവരില്‍ രണ്ടുപേർക്ക് വധശിക്ഷ ലഭിച്ചുവെന്നും കൃഷ്ണ പറഞ്ഞു. ഗുണ്ടാ നിയമപ്രകാരം 14,400 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിമിനല്‍ ശൃംഖലകളെ തകർത്തതിന് ഉത്തർപ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ലഹരിവിരുദ്ധ ടാസ്ക് ഫോഴ്സ്, ജില്ലാ പോലീസ് എന്നിവരെ അദ്ദേഹം പ്രശംസിച്ചു. സ്ത്രീ ശാക്തീകരണം, ഓരോ പൗരന്റെയും പരാതി വേഗത്തിലും സംവേദനക്ഷമതയോടെയും പരിഹരിക്കുക തുടങ്ങിയവയാണ് യുപി പോലീസിന്റെ പ്രധാന മുൻഗണനകളെന്നും അദ്ദേഹം പറഞ്ഞു.