ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വലിയ തിരിച്ചടിയായി ഗൂഗിള്‍ പേ-യും മറ്റ് യുണൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (യു പി ഐ) സേവനങ്ങളും സ്തംഭിച്ചു.ഡൗണ്‍ഡിറ്റക്ടർ ഡോട്ട് കോമില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ വ്യാപകമായി തടസം നേരിടുന്നതായി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി 7:27 ഓടെയാണ് യു പി ഐ ആപ്പുകള്‍ പ്രവർത്തനരഹിതമായതെന്ന് ഡൗണ്‍ഡിറ്റക്ടർ സൂചിപ്പിക്കുന്നു.
ഗൂഗിള്‍ പേ കൂടാതെ ഫോണ്‍പേ, ഭിം യുപിഐ തുടങ്ങിയ മറ്റ് പ്രധാന ആപ്പുകളെയും ഇത് സാരമായി ബാധിച്ചു. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ യുപിഐ സേവനങ്ങള്‍ക്ക് തടസ്സമുണ്ടായിരുന്നു. ചൊവ്വാഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ് ബി ഐ) ആപ്പുകളും പ്രവർത്തന രഹിതമായിരുന്നു എന്നത് ശ്രദ്ധേയമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ധനകാര്യ വർഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് ചില ബാങ്കുകളില്‍ ഇടയ്ക്കിടെ ഇടപാടുകള്‍ തടസ്സപ്പെടുന്നുണ്ടെന്നും യുപിഐ സംവിധാനം സാധാരണ നിലയില്‍ പ്രവർത്തിക്കുന്നുണ്ടെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ചൊവ്വാഴ്ച എക്സില്‍ അറിയിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും എൻ പി സി ഐ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബുധനാഴ്ചയും പ്രവർത്തന രഹിതമായതില്‍ നിരവധി ഉപയോക്താക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. രാജ്യവ്യാപകമായി യുപിഐ സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ ഡിജിറ്റല്‍ പണമിടപാടുകളെ ആശ്രയിക്കുന്ന സാധാരണക്കാർ വലിയ ബുദ്ധിമുട്ടിലാണ്. കടകളിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും പണം നല്‍കാൻ കഴിയാതെ പലരും വലഞ്ഞു.
സേവനങ്ങള്‍ തടസ്സപ്പെട്ടതിന്റെ കാരണം സംബന്ധിച്ച് എൻ പി സി ഐ ഇതുവരെ ഔദ്യോഗികമായി യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. ചൊവ്വാഴ്ച നല്‍കിയ വിശദീകരണത്തിന് ശേഷവും വീണ്ടും തടസ്സമുണ്ടായത് ഉപയോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.