വാഷിങ്ടൻ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാർക്ക് വിലക്കുമായി യുഎസ്. ഇന്ത്യ– പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റെ പൗരന്മാർക്ക് യാത്ര വിലക്കി നിർദേശം നൽകിയത്.
അമേരിക്കൻ പൗരന്മാർ പാകിസ്ഥാനിലേക്ക് നടത്താനിരിക്കുന്ന യാത്ര പുനപരിശോധിക്കണം. പാകിസ്ഥാനിൽ ഭീകരവാദികൾ ആക്രമണം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ പ്രവിശ്യകളിൽ സ്ഥിരമായി ഭീകരാക്രമണം നടക്കുന്നുണ്ട്. ഇതുവരെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർവകലാശാലകൾ, ഷോപ്പിങ് മാളുകൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ എന്നിവയടക്കം ഭീകരർ ലക്ഷ്യമിടാൻ സാധ്യതയുണ്ട്. അതിനാൽ പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണം- അമേരിക്കയുടെ മുന്നറിയിപ്പിൽ പറയുന്നു.
യുഎസ് നയതന്ത്രജ്ഞരെയടക്കം മുൻകാലങ്ങളിൽ ഭീകരവാദികൾ ലക്ഷ്യമിട്ടിരുന്നു. യുഎസ് എംബസി ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾക്കെതിരെ ഭീകരാക്രമണ ഭീഷണി ഉണ്ടായിരുന്നെന്നും അമേരിക്കൻ എംബസിയുടെ മുന്നറിയിപ്പിൽ പറയുന്നു. പാകിസ്ഥാനിലുള്ള യുഎസ് പൌരന്മാർ സുരക്ഷിതമാണെങ്കിൽ സജീവ സംഘർഷ/സൈനിക പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിലേക്കുള്ള യാത്ര ഉപേക്ഷിക്കുക. സുരക്ഷിത സ്ഥാനത്തേക്ക് മാറാനായില്ലെങ്കിൽ വീടിനുള്ളിൽ തന്നെ തുടരണം. ഭീകരവാദികളുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഒരു പ്രവർത്തനങ്ങളും ചെയ്യരുത്.
തിരിച്ചറിയൽ രേഖകൾ കൈവശം സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇന്ത്യൻ സൈനിക നടപടിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും എംബസി പുറത്തിറക്കിയ പ്രസ്തവാനയിൽ പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ 9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു കശ്മീരിലെ ജമ്മു, ശ്രീനഗർ, ലേ എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെ ജോധ്പൂർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നും പുറപ്പെടാനിരുന്നതും, ഈ വിമാനത്തവാളങ്ങളിലേക്ക് പോകാനിരുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. മെയ് 10 വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം സർവീസുകൾ റദ്ദാക്കിയത്. മെയ് 10-ാം തിയതി വരെ രാജ്യത്തെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോയും ഒഴിവാക്കി.