കൊല്ലം: ഉത്രവധക്കേസില്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി അടുത്ത തിങ്കളാഴ്ച വിധി പറയും. കഴിഞ്ഞ വര്‍ഷമാണ് ഉത്രയെ ഭര്‍ത്താവ് സുൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. സൂരജിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം, വധ ശ്രമം, വിഷം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കുക, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മേയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം കൈക്കലാക്കി ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. വധക്കേസില്‍ സൂരജ് മാത്രമാണ് പ്രതി.
പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിരുന്ന 217 പേരില്‍ 85 പേരെ വിസ്തരിച്ചു. ഇതില്‍ ഉത്രയുടെ ബന്ധുക്കള്‍, വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍, വനം വകുപ്പു ജീവനക്കാര്‍, സര്‍പ്പ ശാസ്ത്ര വിദഗ്ധന്‍, പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ പ്രാവിണ്യമുള്ള വാവാ സുരേഷ് തുടങ്ങിയവര്‍ ഉള്‍പ്പെടും. 278 രേഖകളും 40 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.