തിരുവനന്തപുരം : സര്‍ക്കാരിന്റെ പിടുപ്പുകേടും അമിത രാഷ്ട്രീയവത്ക്കരണവും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള സര്‍വകലാശാലയില്‍ എം ബി എ ഉത്തരക്കലാസ് നഷ്ടമായി വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സംഭവം. ഇത് കേരളത്തിന് അപമാനമാണ്.
സംസ്ഥാനത്തെ ഒരു സര്‍വകലാശാലകളിലും ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണ്. മൂല്യനിര്‍ണയത്തിന് അധ്യാപകന്റെ പക്കല്‍ കൊടുത്തയച്ച 2022-2024 ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. കോഴ്‌സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനം നടത്താതെ സംഭവം മൂടി വയ്ക്കാനാണ് സര്‍വകലാശാല ശ്രമിച്ചത്. പത്ത് മാസം മുന്‍പ് നടത്തിയ പരീക്ഷ വീണ്ടും എഴുതണമെന്നാണ് സര്‍വകലാശാല വിദ്യാര്‍ത്ഥികളോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് വിദ്യാര്‍ത്ഥികളെ ക്രൂശിക്കുന്ന നടപടി അംഗീകരിക്കാനാകില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫലം പ്രഖ്യാപനം വൈകുന്നതിനാല്‍ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ജോലി കിട്ടിയിട്ടും പ്രവേശിക്കാനാകാത്ത അവസ്ഥയാണ്. അടിയന്തിര നടപടി സ്വീകരിച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍വകലാശാലയും ഉന്നത വിദ്യാഭ്യാസ വകുപ്പും തയാറാകണം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സര്‍ക്കാരിന്റെയും സി പി എമ്മിന്റെയും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളാണ് കേരളത്തിലെ സര്‍വകലാശാലകളെ കുത്തഴിഞ്ഞ അവസ്ഥയില്‍ എത്തിച്ചത്. സര്‍വകലാശലകളില്‍ ഉത്തരക്കടലാസുകള്‍ പോലും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിനെ കുറിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കവല പ്രസംഗം നടത്തുന്നത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.