കോഴിക്കോട്: സ്വതന്ത്ര പലസ്തീനാണ് കോൺഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തനിക്കും തരൂരിനും ആ നിലപാടാണ്. അതിൽ അഭിപ്രായ ഭിന്നതയില്ല. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ അടിസ്ഥാന നയത്തിന് വിരുദ്ധമായി തനിക്കും തരൂരിനും നിലപാട് എടുക്കാനാവില്ലെന്നും തരൂരിൻ്റെ ഹമാസം പരാമർശത്തിൽ വി.ഡി. സതീശൻ കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ‘ഫെയ്സ് ദി പീപ്പിൾ’ പരിപാടിയിലാണ് തരൂർ ഹമാസം പരാമർശത്തിൽ നിലപാട് ആവർത്തിച്ചത്. ഇതിനോടായിരുന്നു സതീശൻ്റെ പ്രതികരണം.
നവകേരള സദസിൽ ഡ്യൂട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകാനുള്ള തീരുമാനം പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമാണ്. മുഖ്യമന്ത്രി സമരത്തോട് കാണിക്കുന്നത് ക്രൂരതയാണെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണ്. പ്രതിപക്ഷ സമരങ്ങളെ തല്ലിച്ചതവർക്ക് ഗുഡ്സർവ്വീസ് എൻട്രി നൽകിയിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. നവകേരള സദസ് നാട്ടുകാരുടെ ചെലവിൽ സർക്കാർ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവ കേരള സദസിൽ നിന്ന് ലഭിച്ച പരാതികൾ ചാക്കിൽ കെട്ടി സൂക്ഷിക്കുകയാണ്. മറുപടിയല്ലാതെ നടപടിയില്ല. ഖജനാവ് താഴിട്ട് പൂട്ടിയിരിക്കുകയാണ്. സദസ് ഉപയോഗിച്ചത് പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ ആണെന്നും സതീശൻ പറഞ്ഞു. നവകേരള സദസിനായി നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യാഗസ്ഥരെ കൊണ്ട് സ്ഥാപനങ്ങളിൽ നിന്ന് പിരിവ് നടത്തി. ഇത് വലിയ അഴിമതിയാണ്. വെയിൽ ഉള്ളപ്പോൾ മുഖ്യമന്ത്രി പുറത്തിറങ്ങരുത്. സ്വന്തം നിഴൽ കണ്ടാൽ പോലും അദ്ദേഹം പേടിക്കും. അത്രക്ക് ഭീരുവാണ് മുഖ്യമന്ത്രിയെന്നും സതീശൻ പറഞ്ഞു.