തിരുവനന്തപുരം: വ്യവസായി ശശിധരൻ കർത്തയിൽ നിന്ന് പണം പറ്റിയതിൽ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ. സാമ്പത്തിക ശക്തികൾക്ക് രാഷ്ട്രീയ പാർട്ടികൾ കീഴടങ്ങുന്നത് ദുഷ്പ്രവണതയാണ്. മുതലാളിമാർക്ക് വേണ്ടി എന്തും ചെയ്ത് കൊടുക്കാമെന്ന് തീരുമാനിക്കുന്നത് ജനാധിപത്യത്തിന്റെ അന്ത്യമാണെന്ന് വി.എം സുധീരൻ വിമര്‍ശിച്ചു. സത്യം പുറത്ത് വരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമൂഹത്തിന് ദോഷകരമായി ബാധിക്കാവുന്ന ആളുകളിൽ നിന്ന് പണം വാങ്ങുന്നത് തെറ്റാണ്. സമ്പത്ത് ഉണ്ടെങ്കിൽ ആരെയും വിലക്ക് വാങ്ങാമെന്ന സാഹചര്യമാണ്. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും ചിലർ സ്വാധീനിക്കുന്നുണ്ട്. ദുഃസ്വാധീനങ്ങൾക്ക് ജനാധിപത്യം അടിമപ്പെടരുത്. രാഷ്ട്രീയത്തെക്കുറിച്ച് ജനങ്ങൾക്ക് മതിപ്പ് കുറയുന്ന സാഹചര്യമാണെന്നും വി എം സുധീരൻ വിമര്‍ശിച്ചു.