തിരുവനന്തപുരം: ബക്രീദ് അവധിയിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയും ഇല്ലെന്നും മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി. നിലമ്പൂരിലെ പരാജയം ഭയന്ന് പ്രതിപക്ഷം എന്തും പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നതാണ് അവസ്ഥയെന്നും ശിവൻകുട്ടി വിമർശിച്ചു.
സര്‍ക്കാരിന് ഈ ദിവസം അവധി നല്കുന്നതില് താത്പര്യക്കുറവില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് രാത്രി തീരുമാനമെടുക്കുകയായിരുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെയും വി ശിവൻകുട്ടി വിമർശനം ഉന്നയിച്ചു. ഗവർണർ പറ്റിയ തെറ്റ് തിരുത്തുന്നതിന് പകരം കേരളത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ഗവർണറും ഓഫീസും രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.