സംസ്ഥാനത്ത് ഹയർസെക്കന്ററി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കും; ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയ്ക്ക് തുടക്കം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം അടുത്ത അക്കാദമിക വർഷം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ തിരുവനന്തപുരം മോഡൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയ്ക്കും തുടക്കമായി.

Advertisements

പദ്ധതി ചരിത്രദൗത്യമാണെന്നും കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറ‌ഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിഗത വളർച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം. പൊതുവിദ്യാലയങ്ങൾ പാഠപുസ്തക അറിവ് നൽകുന്ന ഇടങ്ങൾ മാത്രമല്ല. സാമൂഹികമായും വൈകാരികമായും ബുദ്ധിപരമായും കുട്ടികളെ വളർത്തുന്ന ഇടങ്ങളാകണം. സന്തോഷത്തിന്റെയും കരുതലിന്റെയും അന്തരീക്ഷം വിദ്യാലയങ്ങളിൽ ഓരോ ദിവസവും ഉണ്ടാകണം. ഓരോ കുട്ടിയും സുരക്ഷിതരാണെന്നും അവരെ പിന്തുണയ്ക്കാൻ ഒരു വലിയ സമൂഹം കൂടെയുണ്ടെന്നും അവർക്ക് തോന്നണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദഗ്ധരുടെ സഹായത്തോടെയുള്ള കൗൺസിലിംഗ് സേവനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, സൈബർ സുരക്ഷാ ബോധവൽക്കരണം, ജീവിത നൈപുണ്യ പരിശീലനങ്ങൾ എന്നിവയെല്ലാം ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയിൽ ഉൾപ്പെടുന്നു. അധ്യാപകർക്ക് കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനും വേണ്ട പിന്തുണ നൽകാനും പരിശീലനം ലഭിക്കും. രക്ഷിതാക്കൾക്ക് കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ശരിയായ മാർഗ്ഗനിർദ്ദേശം നൽകാനും പദ്ധതിയിലൂടെ സാധിക്കും. കുട്ടികളിലെ ഗുണപരമായ മാറ്റത്തിന്റെ വേഗം വർദ്ധിപ്പിക്കുന്നതിൽ ഈ പ്രവർത്തനങ്ങൾ നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു.

മെറിറ്റിൽ 2,72,657, സ്‌പോർട്‌സ് ക്വാട്ടയിൽ 4,517, മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 1,124, കമ്മ്യൂണിറ്റി ക്വാട്ടയിൽ 16,945, മാനേജ്‌മെന്റ് ക്വാട്ടയിൽ 14,701, അൺ- എയിഡഡ് സ്‌കൂളുകളിൽ 6,042 ഉൾപ്പടെ 3,15,986 വിദ്യാർത്ഥികൾ പ്ലസ് വൺ ക്ലാസുകളിൽ പ്രവേശിപ്പിച്ചു. അടുത്ത ഘട്ട അലോട്ട്‌മെന്റുകൾ കഴിയുന്നതോടെ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 

സന്തോഷത്തോടും പ്രതീക്ഷയോടും കൂടി പ്ലസ് വൺ ക്ലാസുകളിലേക്ക് കടക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നതോടൊപ്പം അവരെ പിന്തുണയ്ക്കുന്ന മാതാപിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.

Hot Topics

Related Articles