ടെഹ്റാൻ: വടക്കൻ ലെബനനില്‍ ഇസ്രായേലിന്റെ അപ്രതീക്ഷിത കമാൻഡോ റെയ്ഡ്. മുതിർന്ന ഹിസ്ബുല്ല ഉദ്യോഗസ്ഥനെ ഇസ്രായേലിന്റെ നാവികസേന പിടികൂടി. വെള്ളിയാഴ്ച വടക്കൻ ലെബനനില്‍ നടന്ന ഓപ്പറേഷനില്‍ മുതിർന്ന ഹിസ്ബുല്ല നേതാവായ ഇമാദ് അംഹാസിനെയാണ് ഇസ്രായേല്‍ നാവികസേന പിടികൂടിയത്. ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികള്‍ക്കും ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണയ്ക്കും പല്ല് തകർക്കുന്ന രീതിയിലുള്ള പ്രതികരണം ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി മുന്നറിയിപ്പ് നല്‍കി. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് B-52 ബോംബർ വിമാനങ്ങള്‍ പശ്ചിമേഷ്യയിലേയ്ക്ക് എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയില്‍ നിർണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നീക്കം. അമേരിക്കൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നവംബർ 5ന് മുമ്ബ് ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇസ്രായേലിന് എല്ലാ വിധ പിന്തുണയും ഉറപ്പ് നല്‍കുമെന്ന് സംഘർഷത്തിന്റെ തുടക്കം മുതല്‍ തന്നെ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഒക്‌ടോബർ 1 ന് ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുദ്ധസമാനാമായ സാഹചര്യത്തിലേയ്ക്ക് എത്തിയത്. ഒക്‌ടോബർ 26 ന് ഇറാനിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിലൂടെയാണ് ഇസ്രായേല്‍ മറുപടി നല്‍കിയത്. ആക്രമണത്തില്‍ നാല് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യോമാക്രമണം ഇറാൻ്റെ മിസൈല്‍, വ്യോമ പ്രതിരോധ ശേഷികള്‍ക്ക് കാര്യമായ നാശനഷ്ടം വരുത്തിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഇതിന് അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.