കോഴിക്കോട് : വടകര ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം കത്തിച്ചതെന്ന് കണ്ടെത്തൽ. ഒരാൾ അറസ്റ്റിലായി. വടകര സ്വദേശി അബ്ദുൾ ജലീലിനെയാണ് അറസ്റ്റ് ചെയ്തത്. സമീപത്തെ ചാക്ക് കട കത്തിച്ച സംഭവത്തിൽ രാവിലെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.
രാത്രി ഒന്നരയോടെ വടകര താഴെ അങ്ങാടിയിൽ ലീഗ് നേതാവ് ഫൈസലിന്റെ ചാക്ക് കടയ്ക്ക് തീയിട്ട ശേഷം സ്റ്റേഷനിലെത്തി വാഹനം കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ചാക്ക് കടയുടമ ഫൈസലുമായുളള വ്യക്തി വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ജലീൽ മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളെന്നും പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടകര ഡിവൈഎസ്പി വിനോദ് കുമാറിന്റെ കെഎൽ 01 സിഎച്ച് 3987 നമ്പറിലുള്ള ഔദ്യോഗിക വാഹനമാണ് കത്തിയത്. പുലർച്ചെ രണ്ടോടെ സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിലുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുമ്പോഴേക്കും വാഹനം പൂർണമായും കത്തിയിരുന്നു. സംഭവത്തിന് അര മണിക്കൂർ മുമ്പാണ് വടകര താഴെ അങ്ങാടിയിൽ ലീഗ് നേതാവ് ഫൈസലിന്റെ ചാക്ക് കടയ്ക്ക് നേരെ തീവെപ്പ് ശ്രമമുണ്ടായത്.