കൊച്ചി: വാടകയ്ക്കു മേല്‍ ജിഎസ്ടി ഈടാക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ തീരുമാനം ചെറുകിട വ്യാപാരികളെ കൊള്ളയടിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കെട്ടിടം ഉടമ തങ്ങള്‍ക്കു ലഭിക്കുന്ന വാടകയ്ക്കുമേല്‍ ജിഎസ്ടി അടച്ചില്ലെങ്കില്‍ അത് രജിസ്ട്രേഷനുള്ള വ്യാപാരിയുടെ മേല്‍ കെട്ടിവെക്കുന്ന പുതിയ നിബന്ധന വ്യാപാരി വിരുദ്ധവും സാമാന്യനീതിയുടെ നിഷേധവുമാണ്. കോടിക്കണക്കിന് സാധാരണക്കാരുടെ ഉപജീവന മാര്‍ഗവും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന ഘടകവുമാണ് ചെറുകിട വ്യാപാര മേഖല. ഗ്രാമീണ ജനങ്ങള്‍ക്ക് കടമായി അവശ്യസാധനങ്ങള്‍ പോലും നല്‍കി അന്നമൂട്ടുന്ന ചെറുകിട വ്യാപാരികളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവരെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന നടപടികളാണ് സ്വീകരിക്കുന്നത്. കൊവിഡ് മാഹാമാരി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയെല്ലാം ചെറുകിട വ്യാപാര മേഖലയെ തകര്‍ത്തിരിക്കുകയാണ്. ഇതിനിടെ ആഭ്യന്തര കുത്തകകളും ഓണ്‍ലൈന്‍ വ്യാപാരവും ചെറുകിട വ്യാപാര മേഖലയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ജനങ്ങളെ കൊള്ളയടിച്ച് എങ്ങിനെയെങ്കിലും വരുമാനമുണ്ടാക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ജിഎസ്ടി കൗണ്‍സിലിനുള്ളത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ സംസ്ഥാന ധനമന്ത്രിമാരും ഈ പകല്‍ക്കൊള്ളയ്ക്ക് പിന്തുണ നല്‍കുന്നു എന്നത് പ്രതിഷേധാര്‍ഹമാണ്. വാടകയുടെ മേല്‍ 18 ശതമാനം ജിഎസ്ടി ചുമത്താനുള്ള 54-ാമത് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം പിന്‍വലിക്കണമെന്നും അതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മാഈല്‍, പി കെ ഉസ്മാന്‍, പി പി റഫീഖ്, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍, സെക്രട്ടറിയേറ്റംഗങ്ങളായ അന്‍സാരി ഏനാത്ത്, അഷ്‌റഫ് പ്രാവച്ചമ്പലം, വി ടി ഇഖ്‌റാമുല്‍ ഹഖ് സംസാരിച്ചു.