വൈക്കം: വൈക്കം കോവിലകത്തും കടവ് മൽസ്യമാർക്കറ്റിലെ ഐസ് പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കണെമെന്ന ആവശ്യം ശക്തമായി. രണ്ട് വർഷം മുമ്പാണ് പ്ലാന്റിൽ അമോണിയം വാതകം ചോർന്നതിനെ തുടർന്നു പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. പിന്നീട് പ്ലാന്റിൽ നിന്നു അമോണിയം വാതകം നീക്കി. പ്ലാന്റിൽ അറ്റകുറ്റപണി നടത്തി ഐസ് പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞെങ്കിലും തുടർ നടപടികളുണ്ടായില്ല.
ജില്ലയിലെ പ്രധാന മൽസ്യമാർക്കറ്റുകളിൽ ഒന്നായ കോവിലകത്തുംകടവിലെ നഗരസഭയുടെ ഐസ് പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ മൽസ്യ വ്യാപാരികൾ ഉദയനാപുരം,നേരേകടവ്, തോട്ടകം എന്നിവടങ്ങളിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന പ്ലാന്റുകളിലേക്ക് കിലോമീറ്ററുകൾ സഞ്ചരിച്ചെത്തിയാണ് ഐസ് വാങ്ങുന്നത്.ഒരു ബ്ലോക്ക് ഐസിനു നൂറു രൂപയാണ് പുറം മാർക്കറ്റിൽവില. കോവിലകത്തുംകടവിലെ നഗരസഭയുടെ പ്ലാന്റിൽ ഒരു ബ്ലോക്ക് ഐസ് 80 രൂപയ്ക്കാണ് വിറ്റിരുന്നത്. വൻകിട വ്യാപാരികൾക്കു മാത്രമാണ് കൂടുതൽ ബ്ലോക്ക് ഐസ് ആവശ്യം വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിലകത്തുംകടവ് മാർക്കറ്റിലെത്തി മീനെടുത്ത് ദൂരസ്ഥങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്കു പൊട്ടിച്ചെടുത്ത കുറച്ച് ഐസ് മതിയാകും. കോവിലകത്തും കടവിലെ പ്ലാന്റിനു പൂട്ടു വീണതോടെ മൽസ്യ വിൽപനക്കാരായ സ്ത്രീകൾക്കാണ് ഏറെ ദുരിതം.ഐസ് പ്ലാന്റിൽ കാര്യമായ അറ്റകുറ്റ പണി നടത്തിയാൽ മാത്രമേ പ്ലാന്റ് പുനരാരംഭിക്കാനാകു. പ്ലാന്റിൽ ഐസ് രൂപപ്പെടുത്തുന്നതിനായി തിരിച്ചിരിക്കുന്ന തടി കൊണ്ടു നിമ്മിച്ച കള്ളികൾ തകർന്ന നിലയിലാണ്. ഇതിൽ തട്ടി തൊഴിലാളികൾ വീണു പരിക്കു പറ്റുന്നതും പതിവായിരുന്നു.
260ബ്ലോക്ക് ഐസ് ഉൽപാദന ശേഷിയുള്ള പ്ലാന്റിൽ ഏറെ പഴകിയ വയറിംഗാണുള്ളത്. മാസം ഒരു ലക്ഷത്തിലധികം രൂപ വൈദ്യുത ചാർജ് വരുന്നത് പ്ലാന്റിലെ തകരാറിലായ വയറിംഗ് മൂലമാണെന്ന് പ്ലാന്റ് പ്രവർത്തിപ്പിച്ചിരുന്നവർ പറയുന്നു. പ്ലാന്റിൽ അമോണിയം വാതകം രണ്ടു തവണ ചോർന്നത് ഭീതി പരത്തിയിരുന്നു. വൻ ദുരന്തത്തിനു കാരണമാകുമെന്ന ഭീതിയിലാണ് കരാറുകാരൻ പ്ലാന്റ് അടച്ചുപൂട്ടിയത്. അമോണിയം വാതകത്തിനു പകരം അപകടരഹിതമായ പ്രിയോൺ നിറച്ചു പ്ലാന്റ് സുരക്ഷിതമാക്കാനാകും. നഗരസഭ സർക്കാർ സഹായത്തോടെ അറ്റകുറ്റ പണി നടത്തിയോ കരാറുകാരനെ നിയോഗിച്ചോ ഐസ് പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് മൽസ്യ വ്യാപാരികളുടെ ആവശ്യം.