സെഞ്ച്വറിക്ക് ശേഷം തുടർച്ചയായ പരാജയം ! വൈഭവിന്റെ വെടി തീർന്നോ ? സോഷ്യൽ മീഡിയയിൽ ചർച്ച സജീവം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ തീപ്പൊരി സെഞ്ച്വറിയുമായി വരവറിയിച്ച ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി തുടരെ രണ്ടാമത്തെ കളിയിലും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ വെറും നാലു റണ്‍സ് മാത്രമേ 14 കാരനായ താരത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ.

Advertisements

ആദ്യത്തെ ബോളില്‍ ബൗണ്ടറിയോടെ തുടങ്ങിയ വൈഭവ് തൊട്ടടുത്ത ബോൡ തന്നെ പുറത്താവുകയും ചെയ്തു. പേസര്‍ വൈഭവ് അറോറയാണ് കൗമാര താരത്തെ മടക്കിയത്. സെഞ്ച്വറിക്കു ശേഷം വൈഭവ് വീണ്ടും നിരാശപ്പെടുത്തിയതോടെ താരം ഒരു കളിയിലെ മാത്രം അദ്ഭുതമാണോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തില്‍ 35 ബോളില്‍ സെഞ്ച്വറിമായി റെക്കോര്‍ഡ് കുറിച്ചതിനു ശേഷം വൈഭവ് സൂര്യവംശിയുടെ കരിയര്‍ ഗ്രാഫ് താഴേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ തൊട്ടടുത്ത കളിയില്‍ താരം ഡെക്കായി ക്രീസ് വിട്ടു. അതിനു ശേഷമാണ് ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയും വൈഭവ് വെറും നാലു റണ്‍സുമായി നിരാശപ്പെടുത്തിയിരിക്കുന്നത്.

കെകെആറിനെതിരേ 207 റണ്‍സിന്റെ വലിയ ടോട്ടല്‍ ചേസ് ചെയ്യവെ അഗ്രസീവായൊരു തുടക്കം വൈഭവ്- യശശസ്വി ജയ്‌സ്വാള്‍ സഖ്യത്തില്‍ നിന്നും റോയല്‍സ് പ്രതീക്ഷിച്ചിരുന്നു. പേസര്‍ വൈഭവ് അറോറയെറിഞ്ഞ ആദ്യ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് ജയ്‌സ്വാളാണ്. ആദ്യത്തെ ബോളില്‍ റണ്ണില്ല. അടുത്ത ബോളില്‍ സിംഗിളുമായി താരം അക്കൗണ്ട് തുറന്നു. തുടര്‍ന്നു സ്‌ട്രൈക്കിലേക്കു വൈഭവെത്തി.

കണ്ണഞ്ചിപ്പിക്കുന്ന ഒരു ഫോറടിച്ചാണ് വൈഭവ് തുടങ്ങിയത്. ഓഫ്സ്റ്റംപിന് പുറത്തെറിഞ്ഞ ബോള്‍ കവര്‍ ഏരിയയിലൂടെ മികച്ചൊരു ഡ്രൈവ് കളിച്ച്‌ താരം ഫോര്‍ കണ്ടെത്തി. ഇതു വൈഭവിന്റെ ദിവസമാവുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് തൊട്ടടുത്ത ബോളില്‍ താരം വീണത്.

ഒരു ഷോര്‍ട്ട് ബോളാണ് അറോറ പരീക്ഷിച്ചത്. ഇതിനെതിരേ പുള്‍ ഷോട്ട് കളിക്കാനുള്ള വൈഭവിന്റെ ശ്രമം പാളി. ടൈമിങ് പാളിയ ബോള്‍ മിഡ് വിക്കറ്റ് ഏരിയയില്‍ മുകളിലേക്കുയര്‍ന്നപ്പോള്‍ കെകെഅര്‍ നായകന്‍ അജിങ്ക്യ രഹാനെ പിറകിലേക്കു ഓടി മികച്ചൊരു ഡൈവിങ് ക്യാച്ചിലൂടെ അതു കൈയ്ക്കുള്ളിലാക്കി.

രാജസ്ഥാന്‍ റോയസിനൊപ്പം വൈഭവ് സൂര്യവംശി ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി നിറംമങ്ങിയതോടെ താരത്തെ സോഷ്യല്‍ മീഡിയയിലൂടെ ഉപദേശിച്ചിരിക്കുകയയാണ് ആരാധകര്‍. വൈഭവ് സൂര്യവംശി ഒരു ബാറ്ററെന്ന നിലയില്‍ ഒരുപാട് മെച്ചപ്പെടാനുണ്ട്. തുടരെ രണ്ടാമത്തെ കളിയിലുും താരത്തിന്റെ ഫ്‌ളോപ്പ് ഷോ ഇതാണ് ശരിവയ്ക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

വൈഭവ് സൂര്യവംശിക്കു ഒരുപാട് പരിമിതികളുണ്ട്. സ്വന്തം ആവനാഴിയിലേക്കു കൂടുതല്‍ ഷോട്ടുകള്‍ താരം കൂട്ടിച്ചേര്‍ക്കേണ്ടതു ആവശ്യമാണ്. ലെഗ് സൈഡിലൂടെയുള്ള ഷോട്ടുകളിലൂടെ വൈഭവിന്റെ ബാറ്റിങ് കൂടുതല്‍ പ്രവചനീയായി മാറിയിരിക്കുകയാണ്. ബൗളര്‍മാര്‍ക്കു ഇതു കാര്യങ്ങള്‍ എളുപ്പമാക്കി മാറ്റുകയും ചെയ്യുന്നു. ബൗളര്‍മാരുടെ തന്ത്രങ്ങള്‍ അതിജീവിക്കാന്‍ വൈഭവ് കൂടുതല്‍ ഷോട്ടുകള്‍ വികസിപ്പിച്ചെടുക്കേണ്ടത് ആവശ്യമാണെന്നും ആരാധകര്‍ ഉപദേശിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സിനു വിശ്വസിക്കാവുന്ന ബാറ്ററല്ല വൈഭവ് സൂര്യവംശിയെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. നായകന്‍ സഞ്ജു സാംസണ്‍ മടങ്ങിയെത്തിയാല്‍ അദ്ദേഹം തന്നെ തീര്‍ച്ചയായും ഓപ്പണ്‍ ചെയ്യണം. ഒരു ബാറ്ററെന്ന നിലയില്‍ വൈഭവ് ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്. പ്രായത്തിന്റേതായ പക്വതക്കുറവും താരത്തിനു പ്രശ്‌നമാണ്. അതുകൊണ്ടു തന്നെ വൈഭവിനു ഇനിയും ഒരുപാട് വളരേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ ടീമിലെ സ്ഥിരം സാന്നിധ്യമാക്കി മാറ്റാന്‍ കഴിയുകയുള്ളൂവെന്നും ആരാധകര്‍ കുറിക്കുന്നു.

Hot Topics

Related Articles