അഹമ്മദാബാദ്: ഐപിഎല്ലില്‍ വീണ്ടും അമ്ബരപ്പിക്കുന്ന പ്രകടനം പുറത്തെടുത്തിരിക്കുകയാണ് രാജസ്ഥാൻ റോയല്‍സിന്റെ ‘വണ്ടര്‍ കിഡ്’ വൈഭവ് സൂര്യവൻഷി. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ വെറും 15 പന്തുകളില്‍ നിന്ന് വൈഭവ് നേടിയത് 40 റണ്‍സ്. എന്നാല്‍, 14കാരനായ വൈഭവ് 40 റണ്‍സ് എങ്ങനെ നേടിയെന്നതാണ് കൗതുകമുണര്‍ത്തുന്നത്.
15 പന്തുകള്‍ നേരിട്ട വൈഭവ് ഒരു സിംഗിളോ ഡബിളോ പോലും ഓടിയെടുത്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. പകരം നാല് സിക്സറുകളും നാല് ബൗണ്ടറികളുമാണ് വൈഭവിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. ചുരുക്കിപ്പറഞ്ഞാല്‍ വൈഭവ് നേടിയ 40 റണ്‍സും സിക്സറുകളും ഫോറുകളും മാത്രമാണ്. സ്ട്രൈക്ക് റേറ്റാകട്ടെ 267ഉം. അതേസമയം, 220 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നില്‍ക്കണ്ട് ഇറങ്ങിയ രാജസ്ഥാന് വൈഭവും യശസ്വി ജയ്സ്വാളും ചേര്‍ന്ന് തകര്‍പ്പൻ തുടക്കമാണ് നല്‍കിയത്. വെറും 2.5 ഓവറില്‍ ടീം സ്കോര്‍ 50 കടന്നിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ രാജസ്ഥാൻ ടീം നേടുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ 50 റണ്‍സാണ് പഞ്ചാബിനെതിരെ പിറന്നത്. 2023ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 2.4 ഓവറില്‍ 50 റണ്‍സ് നേടിയതാണ് രാജസ്ഥാന്റെ ഏറ്റവും വേഗമേറിയ 50 റണ്‍സ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സ് പത്ത് റണ്‍സിനാണ് രാജസ്ഥാൻ റോയല്‍സിനെ തോല്‍പ്പിച്ചത്. പഞ്ചാബിന്റെ 219 റണ്‍സ് പിന്തുടർന്ന രാജസ്ഥാന് ഏഴ് വിക്കറ്റിന് 209 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പവർ പ്ലേയില്‍ ഒരു വിക്കിറ്റിന് 89 റണ്‍സ് എന്ന നിലയിലെത്തിയിട്ടും വിജയലക്ഷ്യം മറികടക്കാൻ രാജസ്ഥാന് കഴിഞ്ഞില്ല. കൈയ്യെത്തും ദൂരെ രാജസ്ഥാൻ വഴങ്ങുന്ന നാലാം തോല്‍വിയായി പഞ്ചാബിനെതിരായ മത്സരം മാറി. സീസണില്‍ ആകെ പത്താം തവണയാണ് രാജസ്ഥാൻ പരാജയപ്പെടുന്നത്.
53 റണ്‍സെടുത്ത ധ്രുവ് ജുറെലും 50 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 40 റണ്‍സെടുത്ത വൈഭവ് സൂര്യവൻഷിയും മാത്രമാണ് രാജസ്ഥാൻ നിരയില്‍ തിളങ്ങിയത്. സഞ്ജു സാംസണും റിയാൻ പരാഗും ഷിമ്രോണ്‍ ഹെറ്റ്മെയറും നിരാശപ്പെടുത്തിയപ്പോള്‍ പഞ്ചാബ് കളിപിടിച്ചു. 37 പന്തില്‍ 70 റണ്‍സെടുത്ത നെഹാല്‍ വധേരയുടേയും 30 പന്തില്‍ പുറത്താവാതെ 59 റണ്‍സെടുത്ത ശശാങ്ക് സിംഗിന്‍റെയും ബാറ്റിംഗ് കരുത്തിലാണ് പഞ്ചാബ് കൂറ്റൻ സ്കോറിലെത്തിയത്. എട്ടാം ജയത്തോടെ 17 പോയിന്‍റുമായി പഞ്ചാബ് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.