വൈക്കം: വൈക്കം -തവണക്കടവ് ജങ്കാർ സർവീസ് പുനരാരംഭിച്ചു. .13,92999 രൂപയ്ക്ക് കരാർ ഏറ്റെടുത്ത കള്ളാട്ടിൽ വെൻചേഴ്സാണ് ഇന്ന് വൈകുന്നേരം സർവീസ് ആരംഭിച്ചത്. വൈക്കം ജങ്കാർ കെട്ടിയിൽ നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സർവീസിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് നിർവഹിച്ചു. കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നാലു മാസമായി ജങ്കാർ സർവീസ് നിലച്ചിരിക്കുകയായിരുന്നു. നഗരസഭ മൂന്നുതവണ ടെണ്ടർ നടത്തിയെങ്കിലും തുക വർധിക്കാതിരുന്നതിനാൽ സർവീസ് ആരംഭിക്കാനായില്ല. പിന്നീട് മൂന്നു പ്രാവശ്യം ഓഫർ വച്ചപ്പോൾ എട്ട്, പത്ത് ലക്ഷം രൂപയ്ക്ക് വരെ കരാർ ഏറ്റെടുക്കാൻ ചില സ്ഥാപനങ്ങൾ തയ്യാറായെങ്കിലും കഴിഞ്ഞ തവണത്തെ തുകയേക്കാൾ കാര്യമായ അന്തരമുള്ളതിനാൽ കരാർ നൽകിയില്ല. പിന്നീട് കള്ളാട്ടിൽ വെൻചേഴ്സ് 13,92,999 രൂപയ്ക്ക് കരാർ ഏറ്റെടുത്തു. കഴിഞ്ഞ തവണത്തെ കരാർ തുക 13,23,441 യായിരുന്നു. വൈക്കം നഗരസഭയം ചേന്നംപള്ളിപ്പുറം പഞ്ചായത്തും ചേർന്നാണ് ജങ്കാർ സർവീസ് നടത്തിവരുന്നത്. ജങ്കാർ സർവീസ് നിലച്ചതോടെ വൈക്കത്തു നിന്ന് ചേർത്തലയിലെത്താൻ 22 കിലോമീറ്റർ വാഹന യാത്രികർക്ക് ചുറ്റിസഞ്ചരിക്കേണ്ടി വന്നിരുന്നു. വൈക്കം നഗരസഭ കൗൺസിലർമാരായ എസ്.ഹരിദാസൻ നായർ, ഇന്ദിരാദേവി,സിന്ധുസജീവൻ, എബ്രഹാംപഴയ കടവൻ,രാജശേഖരൻ, അശോകൻവെള്ളവേലി, ആർ.സന്തോഷ്, എ.സി. മണിയമ്മ,കവിതാരാജേഷ്, പി.ഡി.ബിജിമോൾ, ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്.സുധീഷ്, വൈസ് പ്രസിഡൻ്റ് ഷിൽജസലിം,പഞ്ചായത്ത് അംഗങ്ങളായ എൻ.കെ.മോഹൻദാസ്,നൈസിബെന്നി തുടങ്ങിയവർ സംബന്ധിച്ചു.