വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം ടോർച്ചിൻ്റെ വെളിച്ചത്തിൽ വീണ് പരിക്കേറ്റ 11കാരൻ്റെ തലയിലെ മുറിവിൽ സ്റ്റിച്ചിട്ട സംഭവത്തിൽ ടൗൺമണ്ഡലം കമ്മറ്റി, എസ്ഡിപിഐ നിയോജക മണ്ഡലം കമ്മറ്റി എന്നിവയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡൻ്റ് സോണി സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന ധർണാ സമരം കെ പി സി സി ജനറൽ സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യമേഖലയെ കേരള സർക്കാർ നിഷ്ക്രിയമാക്കിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എസ്. ശരത് ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ഡി. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപുഴ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് മുജീബ് വെട്ടിക്കാട്ട് മുക്ക്, സെക്രട്ടറി അൽദിഷ് ഹംസ , വൈസ് പ്രസിഡൻ്റ് പ്രഹ്ളാദൻ മുച്ചൂർകാവ്, വൈക്കം മുൻസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് വൈക്കം നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.