വൈക്കം: തലയാഴത്ത് കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. തലയാഴം മാരാംവീട് പാലത്തിനു സമീപത്താണ് കുളിക്കാനിറങ്ങിയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയാഴം വിയറ്റ്‌നാം സ്വദേശി ഇണ്ടത്തുരുത്തി കോളനിയിൽ ദാസൻ (65)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തലയാഴത്തിനു സമീപം നാട്ട്‌തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇദ്ദേഹം. ഈ സമയം കാൽ തെറ്റി തോട്ടിൽ വീഴുകയായിരുന്നു. തോട്ടിൽ മുങ്ങിത്താഴ്ന്ന ഇദ്ദേഹത്തിനായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേനാ സംഘം എത്തി അരമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംസ്‌കാരം പിന്നീട്.