വൈക്കത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിച്ചില്ല; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ വൈക്കത്ത്

വൈക്കം:കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന്റെ പ്രചരണത്തിനു പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്താത്തതിൽ പ്രതിഷേധവുമായി ബി ജെ പി തലയാഴം പഞ്ചായത്ത് നേതൃത്വം. 16ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യുന്ന ആശുപ്രത്രിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ പങ്ക് അവഗണിച്ചെന്ന് ആരോപിച്ചാണ് ബി ജെ പി പ്രതിഷേധം.
തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം നാഷണൽ ഹെൽത്ത് മിഷന്റെ പ്രോജക്ടിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിനോടനുബന്ധിച്ചു രോഗികൾക്ക് കൂടുതൽ ചികിൽസാ സൗകര്യം ഉറപ്പാക്കുന്നതിനാണ് പുതിയ ആശുപത്രി സമുച്ചയം നിർമ്മിച്ചത്. കേന്ദ്ര സർക്കാർ എൻഎച്ച്എംവിഹിതമായി അനുവദിച്ച 1,10,89,000 രൂപയും സംസ്ഥാന സർക്കാർ ആർദ്രം മിഷന്റെ വിഹിതമായി അനുവദിച്ച15.5 ലക്ഷം രൂപയും ചേർത്ത് 12639000രൂപ ചെലവഴിച്ചാണ് ആശുപത്രി സമുച്ചയം നിർമ്മിച്ചത്.ആശുപത്രി കെട്ടിട നിർമ്മാണത്തിനായി ഭൂരിഭാഗം തുകയും അനുവദിച്ചത് കേന്ദ്രമാണെന്നിരിക്കെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രചരണത്തിൽപോലും പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയില്ലെന്ന് ബി ജെ പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റും തലയാഴം പഞ്ചായത്ത് അംഗവുമായ പ്രീജു കെ. ശശി ആരോപിച്ചു.

Advertisements

Hot Topics

Related Articles