വൈക്കത്തെ പീതവർണ്ണത്തിൽ മുക്കി എസ്.എൻ.ഡി.പി യൂണിയന്റെ ചതയദിനഘോഷയാത്ര; ഘോഷയാത്രയും പൊതുസമ്മേളനവും ആവേശമായി

വൈക്കം: വേമ്പനാട് കായലോരത്തെ പീതവർണത്തിലാഴ്ത്തി വൈക്കം എസ്എൻഡിപി യൂണിയന്റെ ചതയദിന ഘോഷയാത്ര.നിശ്ചല ദൃശ്യങ്ങൾ, വർണക്കാഴ്ച്ചകൾ, നാടൻകലാ പ്രകടനങ്ങൾ, വാദ്യമേളങ്ങൾ, പഞ്ചവാദ്യം, തകിൽമേളം, ചെണ്ടമേളം, തെയ്യം, തിറ, കഥകളി രൂപങ്ങൾ, മയിലാട്ടം, നിലക്കാവടികൾ, ബാന്റ് മേളം, മുത്തുക്കുടകൾ, പീതവർണ കൊടികൾ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകി. എസ്എൻഡിപി യൂണിയൻ ആസ്ഥാനത്തുനിന്നും ആരംഭിച്ച ഘോഷയാത്ര ആശ്രമം സ്‌ക്കൂളിൽ സമാപിച്ചു.

Advertisements

യൂണിയനിലെ 54 ശാഖകളിൽ നിന്നായി നൂറുകണക്കിന് ശ്രീനാരായണീയർ ഘോഷയാത്രയിൽ പങ്കെടുത്തു. ഗുരുദേവന്റെ ഛായചിത്രം റിക്ഷവണ്ടിയിൽ അലങ്കരിച്ച് അതിനു പിന്നിലാണ് ഘോഷയാത്ര അണിനിരന്നത്. കച്ചേരിക്കവല, പടിഞ്ഞാറെനട, വടക്കേനട, വലിയകവല, കൊച്ചുകവല, സ്വകാര്യ ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി വഴി ഘോഷയാത്ര സമ്മേളന സ്ഥലമായ ആശ്രമം സ്‌ക്കൂളിലേക്ക് നീങ്ങി. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, സെക്രട്ടറി എം.പി സെൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, ഭാരവാഹികളായ രാജേഷ് പി. മോഹൻ, ബിജു കൂട്ടുങ്കൽ, ബിജു തുരുത്തുമ്മ, മധു ചെമ്മനത്തുകര, രമേഷ് പി.ദാസ്, ടി.എസ് സെൻ സുഗുണൻ, എം.എസ് രാധാകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.വി വിവേക്, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles