വൈക്കം: വൈക്കത്തഷ്ടമി ഉൽസവത്തോടനുബന്ധിച്ചു ചലച്ചിത്രനടൻ ജയറാം ഒരുക്കിയ മേളവിസ്മയം ആസ്വാദകർക്ക് നവ്യാനുഭവമായി. പ്രിതാരത്തിന്റ വാദ്യകലാ വൈഭവം കണ്ടറിഞ്ഞാസ്വദിക്കാൻ കലേശനായ ശ്രീ പരമേശ്വരന്റ സവിധത്തിലേക്ക് ഇന്നലെ ഒഴുകിയെത്തിയത് ആയിരകണക്കിന് കലാസ്നേഹികളായിരുന്നു.
വൈക്കത്തഷ്ടമി ഏഴാം നാളിൽ വൈക്കത്തപ്പന്റെ പ്രഭാത ശ്രീബലി മൂന്നാമത്തെ പ്രദക്ഷിണം നാലമ്പലത്തിന്റെ. വടക്കുഭാഗത്തായി നിലയുറപ്പിച്ചതോടെ സിനിമാ താരം ജയറാമും സംഘവും പഞ്ചാരിമളത്തിന് തുടക്കമിട്ടു. പതികാലത്തിൽ തുടങ്ങിയ മേളം അഞ്ചാം കാലത്തിൽ അവസാനിച്ചതോടെ ചെമ്പട തുടങ്ങി. രണ്ട് മണിക്കുറോളം നീണ്ട നിന്ന പഞ്ചാരിമേളം കൊടിമരച്ചുവട്ടിൽ സമാപിച്ചു. ചോറ്റാനിക്കര സത്യൻ മാരാർ അനിക്കാട് ഗോപകുമാർ, അനിക്കാട് കൃഷ്ണ കുമാർ, തിരുമറയൂർ സുരേഷ് , ജയൻ വാര്യർ, കൊടകര ബാബു വെന്നിമല രാജേഷ് തുടങ്ങി നൂറ്റി അൻപത്തിയൊന്ന് വാദ്യകലാകാരൻമാരാണ് പഞ്ചാരിമേളത്തിൽ പങ്കെടുത്തത്.