വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിൻ്റെ കൊടിയേറ്റിന് മുന്നോടിയായി സംയുക്ത എൻ എസ് എസ് കരയോഗം നടത്തുന്ന പരമ്പരാഗത ചടങ്ങായ കുലവാഴ പുറപ്പാടിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. അഷ്ടമിയുടെ മുന്നൊരുക്കമായി ക്ഷേത്രത്തിൻ്റെ ഗോപു രങ്ങളും കൊടിമരച്ചുവടും ബലിക്കൽപുരയും ചുറ്റമ്പലവും അലങ്കരിക്കാനുള്ള കരിക്കിൻകുലകളും കുലവാഴകളും പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ ആർഭാടപൂർവം ഭക്തിനിർഭരമായി താലപ്പൊലി, പഞ്ചവാദ്യം, ചെണ്ടമേളം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാർ, മയിലാട്ടം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് കുലവാഴ പുറപ്പാട്. 11ന് വൈകുന്നേരം 4.30ന് ചാലപ്പറമ്പ് കാർത്ത്യാ കുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നുമാണ് ഇക്കുറി കുലവാഴ പുറപ്പാട് ശ്രീ മഹാദേവ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നത്. പുളിഞ്ചുവട്, മുരിയൻ കുളങ്ങര, കിഴക്കേനട, തെക്കേനട, പടിഞ്ഞാറെ നടവഴി നീങ്ങുന്ന കുലവാഴപുറപ്പാട് വടക്കേഗോപുരനടയിൽ വരവേൽപ് നൽകി ക്ഷേത്രത്തിലേക്ക് ആനയിക്കും. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിന് പ്രദക്ഷിണം നടത്തി താലങ്ങൾ, കുലവാഴകൾ, കരിക്കിൻ കുലകൾ എന്നിവ കൊടിമര ചുവട്ടിൽ സമർപ്പിക്കും. തുടർന്ന് ക്ഷേത്രം കുലവാഴ,കരിക്കിൻ കുലകൾ എന്നിവ കൊണ്ട് അലങ്കരിക്കും.
കിഴക്കുംചേരി നടുവിലേ മുറി, കിഴക്കുംചേരി തെക്കേമുറി, കിഴക്കുംചേരി വടക്കേമുറി, പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെ മുറി, പടിഞ്ഞാറ്റുംചേരി തെക്കേമുറി, പടിഞ്ഞാറ്റുംചേരി വടക്കേമുറി കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ വൈക്കം യൂണിയൻ്റെ സഹകരണത്തോടെയാണ് കുലവാഴ പുറപ്പാട് നടക്കുന്നത്. ഇത്ത വണ കിഴക്കുംചേരി വടക്കേമുറി എൻഎസ്എസ് കരയോഗമാണ് ആതിഥേയത്വം വഹിക്കുന്നത്. ഒന്നും രണ്ടും ഉത്സവ ദിനങ്ങളിലെ അഹസ്, 30 പറഅരിയുടെ പ്രാതൽ, ലക്ഷദീപം, പുഷ്പാലങ്കാരം, കലാപരിപാടികൾ, കൊടിപ്പുറത്ത് വിളക്ക് എന്നിവയും സംയുക്ത എൻ എസ് എസ് കരയോഗമാണ് വഴിപാടായി നടത്തുന്നത്. പരിപാടി വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ ആതിഥേയകരയോഗം പ്രസിഡൻ്റ് എസ്. ഹരിദാസൻ നായർ,വൈസ്പ്രസിഡൻ്റ് രാജീവ് സി.നായർ, സെക്രട്ടറി എം. വിജയകുമാർ, ട്രഷറർ കെ.ടി.രാംകുമാർ, താലൂക്ക് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട്,യൂണിയൻ സെക്രട്ടറി അഖിൽ ആർ.നായർ, എസ്. മധു തുടങ്ങിയവർ സംബന്ധിച്ചു.