വൈക്കം: വൈക്കത്ത് ചെറുകിട കടകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നതായി പരാതി. വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിനു പിന്നിൽ ടൗൺഹാൾ റോഡിനോട് ചേർന്ന് വീടിനോടു ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അർജുൻ തമ്പിയുടെ പാലും സ്റ്റേഷണറി സാധനങ്ങളും വിൽക്കുന്ന കടയിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.10ഓടെ 3000 രൂപയും ലെയ്സ് അടക്കമുള്ള സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ഇതേ കടയിൽ മൂന്നുതവണ മോഷണം നടന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് രണ്ട് മിഠായി ടിന്നുകളാണ് ആദ്യം മോഷണം പോയത്. തുടർന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷം ഉച്ച സമയത്ത് 720 രൂപ മോഷ്ടിച്ചു.
പിന്നീട് 2000 രൂപയോളം അപഹരിക്കപ്പെട്ടു. മോഷണം പതിവായതോടെ കടയിൽ സിസിടിവി സ്ഥാപിച്ചു. കഴിഞ്ഞ ദിവസത്തെ മോഷണത്തിൻ്റെ ദൃശ്യം സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്. കൗമാരക്കാരൻ കടയിൽ നിന്നു വസ്തുക്കൾ മോഷ്ടിച്ചു പുറത്തേക്ക് പോകുന്നതാണ് ദൃശ്യത്തിലുള്ളത്. മോഷണവുമായി ബന്ധപ്പെട്ട്കട ഉടമ അർജുൻ തമ്പി വൈക്കം പോലീസിൽ പരാതി നൽകി. വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെനടയിൽ ടൗൺഹാൾ റോഡിലുള്ള എണ്ണക്കടയിൽ നിന്ന് ഒന്നര മാസത്തിനിടയിൽ മൂന്ന് തവണ പണം അപഹരിച്ചു. വൈക്കം വാട്ടർ അതോറിറ്റി ഓഫീസിനുമുന്നിലും വൈപ്പിൻപടിയിലെ കടയിലും ഇതിനുമുമ്പ് മോഷണം നടന്നിരുന്നു. പോലീസിൻ്റെ അന്വേഷണത്തിൽ മോഷണത്തിനു പിന്നിൽ കൗമാരക്കാരായ സംഘമാണെന്ന് കണ്ടെത്തിയിരുന്നു. കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവർക്കെതിരെ പോലീസ് നടപടി കർശനമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.