വൈക്കം:വൈക്കം അർബൻ സർവീസ് സഹകരണ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾ ഉൾപ്പെട്ട സഹകരണജനാധിപത്യമുന്നണി പാനലിൽ കഴിഞ്ഞ തവണ നഗരസഭയിൽ ബി ജെ പി സ്ഥാനാർഥിയായത് വിവാദമാകുന്നു. നഗരസഭയിലേക്ക് കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ പ്രിയാ ഗിരീഷാണ് സഹകരണജനാധിപത്യ മുന്നണി സ്ഥാനാർഥിയായി നിക്ഷേപസംവരണ വിഭാഗത്തിൽ മത്സരിക്കുന്നത്.
നഗരസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയും ബി ജെ പി ഭാരവാഹിയുമായ പ്രിയ ഗിരീഷ് കോൺഗ്രസ് സ്ഥാനാർഥികൾ ഉൾപ്പെട്ട പാനലിൽ മത്സരിക്കുന്നത് ബി ജെ പിയിലും കോൺഗ്രസിലും ഭിന്നാഭിപ്രായമുണ്ടാക്കിയിരിക്കുകയാണ്. കോൺഗ്രസ് ഉൾപ്പെട്ട മുന്നണി കാലങ്ങളായി ഭരിക്കുന്ന അർബൻ ബാങ്കിൽ നിലവിലെ സാഹചര്യം മുതലാക്കി കോൺഗ്രസിലേയും ബി ജെ പി യിലേയും അഭിപ്രായവ്യത്യാസം നേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന് നോക്കി സഹകരണ സംരക്ഷണ മുന്നണിയും സർവ സന്നാഹവുമായി രംഗത്തുണ്ട്.