വൈക്കം: താലൂക്ക് ആശുപത്രിയിൽ പുതിയതായി ഈടാക്കുന്ന പാർക്കിംഗ് ഫീസുമായി ബന്ധപ്പെട്ട് വൈക്കം നഗരസഭ നടത്തുന്ന പകൽ കൊള്ള അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്കാശുപത്രി എച്ച് എം സി യുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ആഴ്ചയാണ് പിരിവ് ആരംഭിക്കുന്നത്. നഗരസഭ കൗൺസിൽ പാസാക്കിയ ശേഷം നഗരസഭയുടെ തീരുമാനപ്രകാരമാണ് പാർക്കിങ് ഫീസ് ഈടാക്കി തുടങ്ങിയത്. ഇതിനായി കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുകയും ചെയ്തു.
ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും മറ്റു വാഹനങ്ങൾക്ക് 20 രൂപയുമാണ് ഫീസായി ഈടാക്കുന്നത്. എന്നാൽ മരുന്നു വാങ്ങുന്നതിനും ടെസ്റ്റ് റിസൾട്ട് മേടിക്കുന്നതിനുമുൾപ്പെടെ പല ആവശ്യങ്ങൾക്കുമായി മിനിറ്റുകൾ മാത്രം ആശുപത്രിയിൽ പ്രവേശിക്കുന്ന ആളുകളിൽനിന്ന് പോലും നിർബന്ധിതമായി പണം പിരിക്കുകയാണ്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പൊതുസമൂഹത്തിൽ ഉയരുന്നത്.വികസനപ്രവർത്തനങ്ങൾക്ക് പണം ഇല്ലായെന്ന് പറഞ്ഞു നിഷ്‌ക്രിയമായിരിക്കുന്ന നഗരസഭയുടെ കെടുകാര്യസ്ഥത മറച്ചുവച്ചു കൊണ്ട് ജനങ്ങൾക്ക് അനിവാര്യമായി സേവനങ്ങൾ നൽകേണ്ട സ്ഥാപനങ്ങളിൽ പോലും ഇത്തരത്തിലുള്ള കൊള്ള നടത്തുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിയിൽ നിസ്സാര സമയത്തേക്കു മാത്രമായി പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസ് ഒഴിവാക്കണമെന്നും നിശ്ചിതസമയത്തിനു മപ്പുറം പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളു എന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്നും ഉയരുമ്പോൾ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് പ്രസിഡന്റ് ബ്രിജിൻ പ്രകാശ് സെക്രട്ടറി ആനന്ദ് ബാബു എന്നിവർ അറിയിച്ചു.