വെച്ചൂർ : വെച്ചൂർ നിവാസികൾക്കും വൈക്കം കുമരകം കോട്ടയം ചേർത്തല, ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനയാത്രക്കാർക്കും തീരാദുരിതവും നിരന്തര ഗതാഗത സ്തംഭനവും തുടർ വാഹനാപകടങ്ങളും സമ്മാനിച്ചുകൊണ്ട് തിരക്കേറിയ വൈക്കം -വെച്ചൂർ കുമരകം റൂട്ടിൽഒന്നര വർഷമായി നിർമ്മാണം പാതി വഴിയിൽ നിലച്ച അഞ്ചുമന പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്ത സി.കെ ആശ എംഎൽ.എ യുടെ നിഷേധാത്മക നിലപാട് തിരുത്തണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് വെച്ചൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അഞ്ചുമന പാലത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
പാലം പണി പൂർത്തിയാക്കാൻ കഴിയാത്തത് പാലത്തോട് ചേർന്നുള്ള സ്ഥലം ഉടമയുടെ സമ്മതപത്രം കിട്ടാത്തതുകൊണ്ടാണെന്ന് നാഴികക്ക് നാൽപ്പത് വട്ടം പറഞ്ഞു നടന്ന വൈക്കം എം.എൽ.എ ഇന്നലെ വെച്ചൂർ പഞ്ചായത്ത് ഓഫീസിൽ നേരിട്ടത്തി സമ്മതപത്രം നൽകാൻ തയ്യാറായ സ്ഥലം ഉടമയിൽ നിന്നും പ്രസ്തുത സമ്മത പത്രം വാങ്ങേണ്ടതില്ലന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെങ്കിൽ അത് അങ്ങേയറ്റം ധിക്കാരപരവും ജനദ്രോഹവുമായ നിലപാട് ആണെന്ന് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത കേരളകോൺഗ്രസ്സ് വെച്ചൂർ മണ്ഡലം പ്രസിഡണ്ട് പി എൻ ശിവൻകുട്ടി ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മതപത്രം നൽകാൻ തയ്യാറായി പഞ്ചായത്ത് ഓഫീസിലെത്തിയ സ്ഥലമുടമകളായ വന്നുവേലിൽ ഡോക്ടർ എം ജയപ്രദീപ്,ഭാര്യ പി. പ്രേമ എന്നിവരിൽ നിന്നും അടിയന്തിരമായി സമ്മതപത്രം വെച്ചൂർ പഞ്ചായത്ത് ഭരണ സമിതിയുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എംഎൽഎ ഉടനടി നിർദേശം നൽകണമെന്ന് പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചവർ ആവശ്യപ്പെട്ടു. പാലം പണിയുടെ തടസം പരിഹരിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും തനിക്കു തന്നെ വേണമെന്നുള്ള മനസിലിരിപ്പാണ് എംഎൽഎ ക്കു ഉള്ളതെങ്കിൽ അത് തുറന്നു പറഞ്ഞു സമ്മതപത്രം എത്രയും വേഗം ഏറ്റുവാങ്ങി പാലം പണി പൂർത്തിയാക്കി അതിന്റെ ക്രെഡിറ്റും എംഎൽഎ സ്വന്തമാക്കുന്നതിൽ സന്തോഷമേ ഉള്ളു എന്നും യോഗം അഭിപ്രായപ്പെട്ടു.
കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജോണപ്പൻ ഏറനാടൻ, നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി ബെന്നി മിത്രമ്പള്ളിൽ, ബ്ലോക്ക് പഞ്ചായത്തു മെമ്പർ എസ്. മനോജ്കുമാർ വർഗീസ് പുതുപ്പള്ളിൽ, സീറിയക് പൊന്നേഴത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.. പാലം പണി ഇനിയും ആരംഭിക്കാത്ത പക്ഷം തുടർ സമരങ്ങൾ ആരംഭിക്കുമെന്നും സമരവേദിയിൽ മുന്നറിയിപ്പ് നൽകി.