വൈക്കം: വീടിനപേക്ഷിച്ച ഗുണഭോക്താവ് ഓഫിസിലെത്തി വിവരങ്ങൾ അന്വേഷിച്ചപ്പോൾ എസ് സി പ്രമോട്ടർ അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് സമൂഹ മാധ്യമത്തിൽ വാർത്ത പ്രചരിച്ചതിനെ തുടർന്ന് എസ് സി പ്രമോട്ടറെ അധികൃതർ സസ്പെൻഡ് ചെയ്തു. വൈക്കം നഗരസഭ എസ് സി പ്രമോട്ടർ എ.ആർ രമ്യയെയാണ് അന്വേഷണ വിധേയമായിസസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിലായിരുന്നു സംഭവം.
വീട് അനുവദിക്കപ്പെട്ട ചാലപ്പറമ്പ് സ്വദേശി അജി സാങ്കേതികമായ തടസങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കാനാണ് ബ്ലോക്കിലെത്തിയത്. വിവരമന്വേഷിച്ച അജിയോട് എസ് സി പ്രമോട്ടർ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. സംഭവം സമൂഹ മാധ്യമത്തിൽ വിവാദമായതോടെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ നൽകിയ റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ് പട്ടികജാതി പ്രമോട്ടറെ സസ്പെൻഡ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർ ജില്ലാ പട്ടികജാതി വികസന ഓഫിസർക്ക് നൽകിയ റിപ്പോർട്ടിൽ പ്രാഥമിക അന്വേഷണത്തിൽ എസ് സി പ്രമോട്ടറുടെ ഭാഗത്തു നിന്ന് പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.