വൈക്കം ചെമ്പിൽ നിന്നും
വിഷ്ണു ഗോപാൽ
സബ് എഡിറ്റർ
ജാഗ്രതാ ന്യൂസ് ലൈവ്
വൈക്കം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി ഓടുകയായിരുന്നു മിന്നൽ ബൈക്കും, ബൈക്കിടിക്കാനെത്തുന്നതിന് തൊട്ടു മുൻപ് സ്‌കൂട്ടറിൽ നിന്ന് നിൽപ്പനടിക്കുന്ന യുവാവിന്റെ വീഡിയോയും. കയ്യിൽക്കിട്ടിയവർ കിട്ടിയവർ നിൽപ്പനടിച്ച യുവാവിന്റെ വീഡിയോ പൊടിപ്പും തൊങ്ങലും ചേർത്ത് വാട്‌സ്അപ്പിൽ കുറിപ്പുമിട്ട് പറപ്പിച്ചു വിട്ടു. അന്തവും കുന്തവുമില്ലാതെ, സത്യമെന്തെന്നറിയാതെ ക്യാപ്ഷൻ മാത്രം വായിച്ച് ചിരിച്ച് നമ്മൾ പറപ്പിച്ചു വിട്ട വീഡിയോ ഒരു ചെറുപ്പക്കാരനുണ്ടാക്കിയ പൊല്ലാപ്പുകൾ ചില്ലറയല്ല..! നാട്ടിലെങ്ങും നാണക്കേടായെന്നു മാത്രമല്ല, ജോലി നഷ്ടമാകാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രമായിരുന്നു.
വൈക്കം ചെമ്പ് ടോൾ പാലിയത്ത് അൻവറാണ് സോഷ്യൽ മീഡിയയുടെ ക്രൂരതയ്ക്ക് ഏറ്റവും ഒടുവിൽ ഇരയായി മാറിയത്. സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന സൈബർ ആക്രമണത്തെപ്പറ്റി കേട്ടുമാത്രം പരിചയമുണ്ടായിരുന്ന അൻവറിന്, അപ്രതീക്ഷിതമായി ഉണ്ടായ അടിയായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ അപകടം. സ്വന്തം സ്ഥാപനത്തിനു മുന്നിൽ വച്ച് പെട്രോൾ തീർന്ന സ്‌കൂട്ടറിൽ പെട്രോൾ ഒഴിക്കുന്നതിനിടെയുണ്ടായ അപകടമാണ്, പൊതുനിരത്തിൽ മദ്യപിക്കുന്നതിനിടെയുണ്ടായ അപകടമാണെന്നു വരുത്തിത്തീർത്ത് ഒരു വിഭാഗം സോഷ്യൽ മീഡിയ സാമൂഹിക വിരുദ്ധർ ആഘോഷമാക്കി മാറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തെപ്പറ്റി അൻവറിന്റെ വാക്കുകൾ ഇങ്ങനെ
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രി എട്ടരയോടെയായിരുന്നു സംഭവങ്ങൾ. ചെമ്മനാകരി ടോൾ ജംഗ്ഷനു സമീപത്ത് എനിക്ക് ഒരു മീൻകടയുണ്ട്. ഈ മീൻകടയ്ക്കു മുന്നിൽ പെട്രോൾ തീർന്നിരുന്ന സ്‌കൂട്ടറിൽ കുപ്പിയിൽ വാങ്ങിക്കൊണ്ടു വന്ന പെട്രോൾ ഒഴിക്കുയായിരുന്നു. പെട്രോൾ ഒഴിച്ച് തീർന്ന് സീറ്റ് അടയ്ക്കാൻ തുടങ്ങിയതും, കിഴക്കു വശത്തു നിന്നും മിന്നൽ വേഗത്തിൽ ഒരു ബൈക്ക് എത്തി. ബൈക്ക് പാഞ്ഞെത്തി എന്റെ സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ച ബൈക്ക് പോസ്റ്റിൽ ഇടിച്ചു നിന്നു. വരുന്ന വരവിൽ മറ്റൊരാളെ കൂടി ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ബൈക്ക് സ്‌കൂട്ടറിൽ ഇടിച്ചത്.
സംഭവമെല്ലാം കഴിഞ്ഞ ശേഷം പിറ്റേന്ന് പൊലീസ് എത്തി സിസിടി ദൃശ്യങ്ങൾ ശേഖരിച്ചു. ഈ ദൃശ്യങ്ങൾ ശേഖരിച്ച ശേഷം പ്രദേശവാസിയായ ഒരാൾ വീഡിയോ ഫെയ്‌സ്ബുക്കിൽ ഇട്ടു. അപകടത്തിന്റെ വീഡിയോ പുറത്തു വിടുക എന്ന കൗതുകം മാത്രം ഉദ്ദേശിച്ചാണ് ഇദ്ദേഹം ഇത് പുറത്തു വിട്ടത്. എന്നാൽ, പിന്നീട് എന്റെ ജീവിതം മാറി മറിയുകയായിരുന്നു. വീഡിയോ കണ്ടതോടെ നാട്ടുകാർ മുഴുവൻ ചോദ്യവുമായി കൂടെ കൂടി. പിന്നെ, എറണാകുളത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും വിശദീകരണവും ആവശ്യപ്പെട്ടു. ആകെ പുലിവാൽ പിടിച്ചതോടെയാണ് വൈക്കം പൊലീസിൽ പരാതി നൽകിയത്.
സോഷ്യൽ മീഡിയയിൽ വ്യാജ ക്യാപ്ഷൻ ഇട്ട് പ്രചാരണം നടത്തിയവരെ കണ്ടെത്തുകയാണ് വേണ്ടത്. ഇത്തരക്കാരായ സൈബർ ക്രിമിനലുകൾക്ക് എതിരെ ശക്തമായ നടപടി വേണമെന്നു തന്നെയാണ് ആവശ്യം.