വെച്ചൂർ : തോടിനു കുറുകെയുള്ള തടിപ്പാലത്തിലൂടെ കയറിയ ടിപ്പർലോറി കീഴ്മേൽ മറിഞ്ഞു. വെള്ളത്തിൽ മുങ്ങിത്താണ് ഗുരുതരാവസ്ഥയിലായ ലോറി ഡ്രൈവർ മരിച്ചു. കല്ലറ സുധീർ ഭവനിൽ സുരേഷാ(45 )ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.45 ഓടെ വെച്ചൂർ മറ്റത്തായിരുന്നു സംഭവം. ആഴമേറിയ തോട്ടിൽ മുങ്ങിത്താണ ലോറിയുടെ കാബിനിൽ അകപ്പെട്ട സുരേഷിനെ ചങ്ങനാശേരിയിൽ നിന്ന് മറ്റത്ത് വൈദ്യുത ലൈനിന്റ പണിക്കു വന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് തോട്ടിൽ ചാടി സാഹസികമായി പുറത്തെത്തിച്ചത്.
ഉടൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കൊടുതുരുത്ത് ഭാഗത്തെ മറ്റവുമായി ബന്ധിച്ച് ഇവിടെ തോടിനു കുറുകെ തെങ്ങിൻ തടികൾ പാകി മീതെ മണ്ണിട്ടുറപ്പിച്ച പാലമാണുള്ളത്. പ്രദേശത്ത് 11 കെ വി ലൈനിന്റെ പണിക്കായി കൊണ്ടുവന്ന ക്രയിൻ ഈ പാലത്തിലൂടെ കഴിഞ്ഞ ദിവസം കയറ്റി മറുകര എത്തിക്കുന്നതിനിടയിൽ പാലത്തിനു ബലക്ഷയം സംഭവിച്ചിരുന്നു. ഇതറിയാതെ സമീപത്ത് നിർമ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിനായി നിർമ്മാണ സാമഗ്രികളുമായി പാലം കയറിയപ്പോഴാണ് ടിപ്പർ ലോറി കീഴ്മേൽ മറിഞ്ഞത്. ഇവിടെ കുറ്റമറ്റ പാലം നിർമ്മിക്കണമെന്ന് പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആ വശ്യപ്പെട്ടു വരികയായിരുന്നു. വൈക്കം പോലിസ് മേൽ നടപടി സ്വീകരിച്ചു.