വൈക്കം: പുളിഞ്ചുവട്ടിൽ നാലാംഗ കുടുംബം താമസിച്ചിരുന്ന വീട് കത്തി നശിച്ചു.പുളിഞ്ചുവട് തോട്ടുപുറത്ത് ചെല്ലപ്പന്റെ വീടാണ് കത്തി നശിച്ചത്. ചെല്ലപ്പനും കുടുംബവും താമസിച്ചുവന്നിരുന്ന ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് നിർമിച്ചിരുന്ന വീടാണ് പൂർണമായി കത്തി നശിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
വീടിനു തീപിടിക്കുമ്പോൾ ചെല്ലപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.പെട്ടെന്ന് തീ പടരുന്നത് കണ്ട് ഉണ്ണികൃഷ്ണൻ വീട്ടിൽ നിന്നും പുറത്തേക്ക് ഓടിയതിനാൽ ആളപായം ഉണ്ടായില്ല. തീ ആളികത്തുന്നത് കണ്ട് തൊഴിലുറപ്പ് ജോലിക്കായി പോയിരുന്ന അമ്മ ഓടിയെത്തി. തുടർന്ന് അടുത്തുള്ള നാട്ടുകാരെ അറിയിക്കുകയും ഇവർ ഫയർഫോഴ്സിൽ വിവരം അറിയിച്ച് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. ഇതിനകം തന്നെ വീട് പൂർണമായി കത്തി നശിച്ചിരുന്നു . കുടുംബാംഗങ്ങളുടെ ആധാർ, റേഷൻ കാർഡ്, വിദ്യാഭ്യാസ രേഖകൾ തുടങ്ങി പ്രധാനപ്പെട്ട എല്ലാ രേഖകളും ആധാരവും ഉൾപ്പെടെ കത്തി നശിച്ചു. ചെല്ലപ്പനും ഇളയ മകനും ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇലക്ട്രിക് വർക്കുകൾ ചെയ്യുന്ന ഉണ്ണികൃഷ്ണൻ നന്നാക്കുന്നതിനായി പലരുടെയും കയ്യിൽ നിന്നും ശേഖരിച്ച് വച്ചിരുന്ന ടി വി, സൗണ്ട് സിസ്റ്റം തുടങ്ങി നിരവധി സാധനങ്ങളും ഇതോടൊപ്പം കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് കരുതുന്നു. വർഷങ്ങളായി കഴിയുന്ന വീടിനോട് ചേർന്ന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീടിന്റെ നിർമ്മാണം നടന്നു വരുന്നതിനിടയിലാണ് താമസിച്ചുകൊണ്ടിരിക്കുന്ന വീട് ഇപ്പോൾ കുടുംബത്തിന് പൂർണമായി നഷ്ടപ്പെട്ടത്. തീ ആളികത്തിയതോടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ആറോളം ജനൽ പാളികളും ബാത്റൂമിലേക്ക് കണക്ഷൻ നൽകിയിരുന്ന പിവിസി പൈപ്പുകളും കത്തി നശിച്ചു. വർഷങ്ങളായി താമസിച്ചുവന്നിരുന്ന വീട് നഷ്ടപ്പെട്ടതോടെ നിർധന കുടുംബം ദുരിതത്തിലായി.