പത്തനംതിട്ട: വളളിക്കോട് തൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ വിളക്കുകള്‍ മോഷണം പോയി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നിലധികം പേര്‍ മോഷണത്തിനു പിന്നിലുളളതായാണ് സംശയം. നാലമ്പലത്തിനു ചുറ്റും ഉണ്ടായിരുന്ന തൂക്കുവിളക്കുകള്‍ അപ്പാടെ മോഷ്ടാക്കൾ കൊണ്ടുപോയി. ഉപദേവതാ ക്ഷേത്രങ്ങളുടെ മുന്‍പിലും കൊടിമരത്തിനു സമീപത്തും ഉണ്ടായിരുന്നതടക്കം 30 നിലവിളക്കുകളും അപഹരിക്കപ്പെട്ടു.
പുലര്‍ച്ചെ ക്ഷേത്ര ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം അപരിചിതനായ ഒരാള്‍ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നതായി പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട അന്വേഷണം. പടിഞ്ഞാറേ ഗോപുരത്തിനു വെളിയില്‍ ഒരു വാഹനത്തിന്റെ ടയര്‍ അടയാളം കണ്ടെത്തി. ഈ വാഹനത്തില്‍ വിളക്കുകള്‍ കടത്തിയെന്നാണ് കണക്കാക്കുന്നത്. മേഖലയിലെ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം.