തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. സീനിയർ അഭിഭാഷകനായ ബെയ്ലിനാണ് ജൂനിയർ പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെ മർദിച്ചതെന്നാണ് പരാതി.അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം. മുഖത്ത് പരിക്കേറ്റ അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വഞ്ചിയൂർ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫിസില്‍വെച്ചാണ് മർദ്ദിച്ചത്. ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിൻറെ തുടർച്ചയായാണ് സീനിയർ അഭിഭാഷകൻ യുവതിയെ മർദിച്ചതെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണു. അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും പരാതിക്കാരി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിഭാഷകനില്‍ നിന്ന് ഇതിന് മുൻപും മർദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിക്കാരി പറയുന്നു. മറ്റുള്ള സ്റ്റാഫിനോടും ഈ അഭിഭാഷകൻ അപമര്യാദയായി പെരുമാറുന്നതായി പരാതി ഉയർന്നിരുന്നു. ഓഫിസില്‍ കയറി അഭിഭാഷകനെ അറസ്റ്റ് ചെയ്യാൻ പോലീസിനെ അനുവദിക്കില്ലെന്ന് ബാർ അസോസിയേഷൻ സെക്രട്ടറി ജി. മുരളീധരൻ പറഞ്ഞതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
ബെയ്ലിൻ
കാരണം പറയാതെ ജൂനിയർ അഭിഭാഷകരെ ജോലിയില്‍നിന്ന് പറഞ്ഞുവിടുന്നത് അഭിഭാഷകന്റെ പതിവായിരുന്നെന്ന് ശ്യാമിലിയുടെ ഭർത്താവ് ഷൈൻ പറയുന്നു. ശ്യാമിലി ജോലിക്ക് എത്തിയതിനുശേഷം മാത്രം ഇതുവരെ എട്ടോളംപേരെ അഭിഭാഷകൻ പുറത്താക്കി. ഇത്തരത്തില്‍ തലേദിവസം വിളിച്ച് ശ്യാമിലിയോട് ജോലിക്ക് വരേണ്ട എന്ന് അഭിഭാഷകൻ അറിയിച്ചു. തുടർന്ന് സ്ഥാപനത്തിലെത്തിയ ശ്യാമിലി തന്നെ എന്തുകൊണ്ട് പുറത്താക്കി എന്ന് തിരക്കി. ‘അത് നിന്നോട് പറയേണ്ട ആവശ്യമില്ല’ എന്ന് പറഞ്ഞാണ് ശ്യാമിലിയെ അഭിഭാഷകൻ മർദ്ദിച്ചതെന്ന് ഭർത്താവ് പറഞ്ഞു.
അതേസമയം, രണ്ട് ജൂനിയർ വക്കീലന്മാർ തമ്മില്‍ തർക്കം ഉണ്ടായെന്നും ഇത് ചോദ്യം ചെയ്യവേ മുഖത്തുനോക്കി അസഭ്യം പറഞ്ഞതുകൊണ്ടാണ് യുവതിയെ മർദ്ദിച്ചതെന്നുമാണ് അഭിഭാഷകൻ ബെയ്ലിന്റെ പ്രതികരണം. യുവതിയെ ജനല്‍ ആശുപത്രിയിലെ ഡോക്ടർമാർ പരിശോധിച്ചു. മുഖത്ത് ചതവുണ്ട്. ഇവരെ കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് വിവരം.