കൊല്ലം: കേരളത്തെ നടുക്കിയ ഡോക്ടർ വന്ദനദാസ് കൊലക്കേസില്‍ വിചാരണ ആരംഭിച്ചു. ഒന്നാം സാക്ഷിയുടെ വിസ്താരം നടന്ന ഇന്ന് പ്രതി സന്ദീപിനെ കൊല്ലം ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയില്‍ നേരിട്ട് ഹാജരാക്കി. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്ന് വന്ദനയുടെ അച്ഛൻ മോഹൻദാസ് പറഞ്ഞു. പൊലീസ് വൈദ്യപരിശോനയ്ക്ക് എത്തിച്ച പ്രതിയാണ് 2023 മെയ് 10 ന് ഡോ.വന്ദനദാസിൻ്റെ ജീവനെടുത്തത്.
അന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വന്ദനയ്ക്ക് ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനാണ് ഒന്നാം സാക്ഷി. കേസില്‍ വിചാരണ തുടങ്ങിയ ആദ്യ ദിനം ഒന്നാം സാക്ഷിയെ വിസ്തരിച്ചു. പ്രതി സന്ദീപിനെ കൊല്ലം ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയില്‍ നേരിട്ട് ഹാജരാക്കി. പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു. സന്ദീപ് നടത്തിയ അതിക്രമവും മുഹമ്മദ് ഷിബിൻ കോടതിയില്‍ വിവരിച്ചു. വന്ദനാദാസിനെ ആക്രമിച്ച ആയുധവും തിരിച്ചറിഞ്ഞു. വന്ദനയുടെ അച്ഛൻ മോഹൻദാസും ഇന്ന് കോടതിയില്‍ എത്തി. മകള്‍ക്ക് നീതി കിട്ടും വരെ പോരാടുമെന്ന് മോഹൻദാസ് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഒന്നാം പ്രതി കോടതിയില്‍ പറഞ്ഞ കാര്യങ്ങളിലും പൊലീസിന് നല്കിയ മൊഴിയിലും പൊരുത്തക്കേടുകള്‍ ഉണ്ടെന്ന വാദത്തിലാണ് പ്രതിഭാഗമുള്ളത്. കേസ് അട്ടിമറിക്കാനുള്ള പ്രതിഭാഗത്തിൻ്റെ പതിവ് രീതിയെന്നാണ് ഇതിന് പ്രോസിക്യൂഷൻ്റെ മറുപടി. 131 സാക്ഷികള്‍ ഉള്ള കേസില്‍ 50 പേരെയാണ് ആദ്യഘട്ടത്തില്‍ വിസ്തരിക്കും. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.