വന്ദേഭാരത് വരുന്നതോടെ ജനശതാബ്ദി നിർത്തിയേക്കുമോ..? ആശങ്കകൾ ഉയരുന്നു; വന്ദേഭാരതിൻ്റെ ആദ്യ യാത്ര കോഴിക്കോട് വരെ; കണ്ണൂരിലേയ്ക്കും ട്രെയിൻ ഓടില്ല 

തിരുവനന്തപുരം: വന്ദേഭാരത് എത്തുന്നതോടെ കണ്ണൂർ – തിരുവനന്തപുരം  ജനശതാബ്ദി തീവണ്ടി നിര്‍ത്തുമെന്ന ആശങ്ക ഉയരുന്നു. എന്നാൽ, ജനശതാബ്ദി നിർത്താതെ തന്നെ വന്ദേഭാരതും കേരളത്തില്‍ ഓടിക്കുമെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, റെയിൽവേയിൽ നിന്ന് കേരളത്തിന് ഇതുവരെയുണ്ടായ അനുഭവം വച്ച് ജനശതാബ്ദി റദ്ദ് ചെയ്തേയ്ക്കുമെന്നാണ് സൂചന. ഇതിനിടെ വന്ദേഭാരതിൻ്റെ  നിരക്കും പരമാവധി കുറയ്ക്കും. സമയം കൂടുതല്‍ ലാഭിക്കാനും ആലോചനയുണ്ട്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ നിരക്ക് ചെയര്‍കാറിന് 1071 രൂപയായിരിക്കുമെന്നാണ് സൂചന. എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2194 രൂപയും. ഇനിയും നിരക്ക് കുറയ്ക്കുന്നതും പരിഗണനയിലുണ്ട്. കെ റെയിലിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുമ്ബോട്ട് വച്ച നിരക്കിനെക്കാള്‍ കുറയ്ക്കാനാണ് ശ്രമം. വിമാനയാത്രാ ചാര്‍ജ്ജിന് മുകളില്‍ നിരക്ക് പോവുകയുമില്ല.

Advertisements

അതിനിടെ തിരുവനന്തപുരത്തു നിന്നുള്ള ആദ്യ വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് കോഴിക്കോട് അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ട്രെയിന്‍ തല്‍ക്കാലം കോഴിക്കോട്ട് സര്‍വീസ് അവസാനിപ്പിക്കാനും പിന്നീടു കണ്ണൂരിലേക്കു നീട്ടാനും നീക്കം നടക്കുന്നുവെന്നാണു സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. വന്ദേഭാരത്തിന്റെ വേഗത കൂട്ടിയ ശേഷം കണ്ണൂരിലേക്ക് വിടാനാണ് ആലോചന. എന്നാല്‍ ഇക്കാര്യത്തില്‍ കണ്ണൂരിലേക്ക് പോകണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. വെസ്റ്റ് കോസ്റ്റിലൂടെയുള്ള തീവണ്ടി യാത്ര അതിവേഗതയിലേക്ക് കൊണ്ടു വരുന്നതാണ് വന്ദേഭാരത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വന്ദേഭാരത് കണ്ണൂര്‍ വരെ സര്‍വീസ് നടത്തിയില്ലെങ്കില്‍ യാത്രക്കാര്‍ക്കും റെയില്‍വേയ്ക്കും പ്രതീക്ഷിച്ച നേട്ടമുണ്ടാകില്ല. ഇന്നലെ കേരളത്തിലെത്തിയ വന്ദേഭാരത് എക്സ്‌പ്രസ് കൊച്ചുവേളി യാര്‍ഡിലാണുള്ളത്. വന്ദേഭാരത് എക്സ്‌പ്രസ് 25 നു പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തു ഫ്‌ളാഗ് ഓഫ് ചെയ്യും. ഈ ചടങ്ങില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വിമാനത്താവള മാതൃകയില്‍ നവീകരിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും. 

തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയില്‍ 500 കിലോ മീറ്ററാണ് ദൂരം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസുകള്‍ യാത്ര പൂര്‍ത്തിയാക്കാനെടുക്കുന്ന സമയവും കേരളത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന വേഗവും കണക്കാക്കമ്ബോള്‍, ഈ ദൂരം പിന്നിടാന്‍ ആറര മണിക്കൂറോളം എടുത്തേക്കാം. സ്റ്റോപ്പുകളുടെ എണ്ണം കൂടുതലുള്ളത് കൂടി കണക്കിലെടുക്കുമ്ബോള്‍ ഏഴ് മണിക്കൂര്‍ വരെയാകാനും സാധ്യതയുണ്ട്. പിടിച്ചിടുന്ന സാഹചര്യം ഒഴിവാക്കാന്‍ മറ്റ് ട്രെയിനുകളുടെ സര്‍വീസ് അതിനനുസരിച്ച്‌ ക്രമീകരിക്കും. എ.സി കോച്ചുകള്‍ മാത്രമാണ് ഈ ട്രെയിനിലുണ്ടാകുക. ചെയര്‍ കാര്‍, എക്സിക്യുട്ടീവ് എന്നിങ്ങനെ രണ്ട് ക്ലാസുകളാകും ഉണ്ടാകുക.

വന്ദേഭാരത് ട്രെയിന്‍ ഓടിത്തുടങ്ങുന്നതു കേരളത്തിന്റെ റെയില്‍ ഗതാഗത രംഗത്തു പുതിയ ചരിത്രം രചിക്കും. വന്ദേഭാരതിനായി ട്രാക്കുകളിലെ വേഗം കൂട്ടുന്നതു മറ്റു ട്രെയിനുകള്‍ക്കും ഗുണം ചെയ്യും. തിരുവനന്തപുരം മുതല്‍ കോഴിക്കോടു വരെയുള്ള ട്രാക്കിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാനും നവീകരണം നടത്തുന്ന റെയില്‍വേ സ്റ്റേഷനുകള്‍ കാണാനും ഇന്നലെ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍.സിങ് ഇന്‍സ്‌പെക്ഷന്‍ സ്‌പെഷല്‍ ട്രെയിനില്‍ ഈ റൂട്ടില്‍ സഞ്ചരിച്ചിരുന്നു. ഭൂമിയേറ്റെടുക്കാതെ വേഗ നിയന്ത്രണങ്ങള്‍ നീക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ അതിനുള്ള നടപടി ഉടന്‍ വേണമെന്ന് ആര്‍.എന്‍.സിങ് നിര്‍ദേശിച്ചിട്ടുണ്ട്.

വന്ദേഭാരത് എക്സ്‌പ്രസ് കേരളത്തിലെ ട്രാക്കിലൂടെ ആദ്യ സര്‍വീസ് നടത്തുന്നതിനു മുന്നോടിയായുള്ള ട്രയല്‍ റണ്‍ അടുത്തയാഴ്ച നടത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാവിലെ അഞ്ചരയ്ക്കു തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു പരീക്ഷണ സര്‍വീസ് നടത്തും. തിരികെ രാത്രി 11 ന് എത്തും. വന്ദേഭാരതിനായി 6 സെറ്റ് ടൈംടേബിളുകളാണു ദക്ഷിണ റെയില്‍വേ, ബോര്‍ഡിനു നല്‍കിയിട്ടുള്ളത്. രാവിലെ 5നു പുറപ്പെട്ടു ഉച്ചയോടെ കണ്ണൂരിലെത്തി, രാത്രി പത്തിനു മുന്‍പായി തിരികെ തലസ്ഥാനത്തു എത്തുന്ന സമയക്രമമാണു പരിഗണനയിലുള്ളത്. 7 മുതല്‍ ഏഴര മണിക്കൂര്‍ വരെ റണ്ണിങ് ടൈമുള്ള ടൈംടേബിളുകളില്‍ ഇനിയും സമയം കുറയ്ക്കാന്‍ കഴിയുമോയെന്നാണു റെയില്‍വേ ബോര്‍ഡ് നോക്കുന്നത്.

കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത് ട്രെയിന്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേരളത്തില്‍ സര്‍വീസ് നടത്താനുള്ള വന്ദേഭാരതിന്റെ റേക്ക് ചെന്നൈയില്‍നിന്ന് കേരളത്തിലെത്തി. 16 കോച്ചുകളുള്ള ട്രെയിനാണ് ഇത്. തുടക്കത്തില്‍ ഒരു ട്രെയിനാകും സര്‍വീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സര്‍വീസ് പരിഗണിക്കുന്നത്. ഇതിനൊപ്പമാണ് തുടക്കത്തില്‍ കോഴിക്കോട് വരെ സര്‍വ്വീസെന്ന ചിന്ത. ഏപ്രില്‍ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ട്രെയിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. 24-ന് കൊച്ചിയിലോ 25-ന് തിരുവനന്തപുരത്തോ ആണ് ഫ്ളാഗ് ഓഫ് പരിഗണിക്കുന്നത്.

ഏതാനും ദിവസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി അന്തിമമാകുന്നതോടെ കൂടി മാത്രമേ ഇതില്‍ വ്യക്തതവരൂ. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ഒരു ദിവസം നേരത്തെ 24 ലേക്ക് ആക്കിയത് ട്രെയിന്‍ ഫ്ളാഗ് ഓഫ് കൂടി പരിഗണിച്ചാണ്. ഒമ്ബത് സ്റ്റോപ്പുകളുള്ള സര്‍വീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സര്‍വീസില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊര്‍ണൂര്‍, തിരൂര്‍, ചെങ്ങന്നൂര്‍, കായംകുളം ഇവയില്‍ ഏതെങ്കിലും രണ്ട് സ്റ്റേഷനുകള്‍ കൂടി ഉള്‍പ്പെടുത്തിയേക്കാനും സാധ്യതയുണ്ട്.

തിരുവനന്തപുരം ഡിവിഷനാണ് സര്‍വീസിന്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സര്‍വീസായിരിക്കുമിത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 15-ന് മുമ്ബ് 75 വന്ദേഭാരത് എക്സ്‌പ്രസുകള്‍ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ കഴിയുന്നതാണ് വന്ദേഭാരത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ പാളങ്ങളിലൂടെ ഈ വേഗം സാധ്യമല്ല. കേരളത്തില്‍ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏറെക്കാലമായി നടത്തിവരുന്നുണ്ട്.

Hot Topics

Related Articles