തൊടുപുഴ : വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അര്‍ജുൻ മൊഴിമാറ്റിപ്പറയാൻ നിര്‍ബന്ധിച്ചതായി കുട്ടിയുടെ സഹോദരൻ. ഒരു മാദ്ധ്യമത്തോടായിരുന്നു സഹോദരന്റെ വെളിപ്പെടുത്തല്‍. പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിളിച്ചപ്പോള്‍ അര്‍ജുൻ ഭയപ്പെട്ടിരുന്നു. പൊലീസ് എത്ര ശ്രമിച്ചാലും തെളിവൊന്നും കിട്ടില്ലെന്ന് പ്രതി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെന്നും സഹോദരൻ പറഞ്ഞു. ‘സംഭവദിവസം രണ്ടര കഴിഞ്ഞപ്പോള്‍ ഓണ്‍ലൈൻ ക്ളാസ് തുടങ്ങിയിരുന്നു. ആ സമയത്താണ് അശോക് മുടിവെട്ടാനായി വന്നത്. അപ്പോള്‍ സഹോദരി ടിവി പരിപാടി കാണുകയായിരുന്നു. ഞാൻ വെള്ളവും ചീര്‍പ്പും കത്രികയും മറ്റുമായി പുറത്തേയ്ക്ക് പോയി. സുജിനും അര്‍ജുനും ഞങ്ങളുടെ കൂടെ വന്നു. പിന്നീട് സുജിനെ പാഷൻ ഫ്രൂട്ട് പറിക്കുന്നതിനായി അര്‍ജുൻ പറഞ്ഞുവിട്ടു.
സുജിൻ തിരിച്ചുവന്നപ്പോള്‍ പാഷൻ ഫ്രൂട്ടുമായി അര്‍ജുൻ അകത്തേയ്ക്ക് പോയി. പിന്നീട് ശബ്ദമൊന്നും കേട്ടില്ല. ക്ളാസ് മൂന്നരയോടെയാണ് തീര്‍ന്നത്. ആ സമയം മുടിയും വെട്ടി കഴിയാറായിരുന്നു. ഏറെ നേരത്തേയ്ക്ക് കാണാതായിരുന്ന അര്‍ജുൻ അപ്പോഴാണ് തിരികെ വന്നത്. ഓണ്‍ലൈൻ ക്ളാസ് കഴിയുന്നതുവരെ നാലുപേരും ഒരുമിച്ചായിരുന്നെന്ന് പറയാൻ അര്‍ജുൻ നിര്‍ബന്ധിച്ചു. പാഷൻ ഫ്രൂട്ടിന്റെ കാര്യം പൊലീസിനോട് പറയരുതെന്നും ആവശ്യപ്പെട്ടു. ഒരു തെളിവുമില്ലെന്ന് അര്‍ജുൻ മറ്റൊരാളോട് പറയുന്നത് കേട്ടിരുന്നു. സഹോദരിയുടെ ശരീരത്തിലെ നഖത്തിന്റെ കാര്യം എന്നോട് ചോദിച്ചു. കുഞ്ഞിന്റ ശരീരത്തില്‍ നിന്ന് മുടി കിട്ടിയെന്ന് പറഞ്ഞപ്പോള്‍ തന്റെ കൈയില്‍ നഖമുണ്ടെന്ന് പറഞ്ഞ് അര്‍ജുൻ കൈ കാണിച്ചു. നഖം മുറിച്ചുകൊടുക്കാനും മുടിവെട്ടിക്കൊടുക്കാനും പറഞ്ഞപ്പോള്‍ അര്‍ജുൻ വിറയ്ക്കുകയായിരുന്നു. സൈഡില്‍ വിരല്‍ കടിച്ച് നില്‍ക്കുകയായിരുന്നു’- സഹോദരൻ വെളിപ്പെടുത്തി.