ന്യൂഡൽഹി : അദാനി ഗ്രൂപ്പിന് ബംഗ്ലാദേശ് നല്‍കാനുള്ളത് ഭീമമായ തുക. വൈദ്യുതി ഇനത്തിലെ കുടിശികയായി 846 മില്യണ്‍ ഡോളറാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ളത്. ഇതേത്തുടര്‍ന്ന് വിതരണം ചെയ്യുന്നതില്‍ 50 ശതമാനം വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ജാര്‍ഖണ്ഡില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്ന അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. 170 മില്ല്യണ്‍ ഡോളറിന്റെ ലൈനപ്പ് ക്രെഡിറ്റും ബംഗ്ലാദേശ് ചോദിച്ചിട്ടുണ്ട്. പക്ഷേ ഇതും നല്‍കാന്‍ കമ്ബനി തയ്യാറായില്ല.നേരത്തെ വ്യാഴാഴ്ച വരെ ബംഗ്ലാദേശ് പണം അടയ്ക്കാനുള്ള സമയം ചോദിച്ചിരുന്നു. എന്നാല്‍ കമ്ബനിക്ക് ഒടുക്കേണ്ട തുക കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. 1016 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് അദാനി ഗ്രൂപ്പ് നല്‍കികൊണ്ടിരുന്നത്.അദാനി ഗ്രൂപ്പ് വിതരണം കുറച്ചതോടെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ് ബംഗ്ലാദേശ് ഇപ്പോള്‍. ആവശ്യമുള്ള വൈദ്യുതിയേക്കാള്‍ 1600 മെഗാവാട്ടിന്റെ കുറവാണ് ബംഗ്ലാദേശ് നേരിടുന്നത്. ബംഗ്ലാദേശിലെ ഊര്‍ജ സെക്രട്ടറിക്ക് നേരത്തെ അദാനി ഗ്രൂപ്പ് രേഖാമൂലം നോട്ടീസ് നല്‍കുകയും കുടിശിക അടിയന്തരമായി ഒടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 27ന് അയച്ച നോട്ടീസില്‍ ഒക്ടോബര്‍ 30ന് 846 മില്യണ്‍ ഡോളറിന്റെ കുടിശിക തീര്‍പ്പാക്കണമെന്നാണ് കമ്ബനി ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നത്. ഇല്ലാത്തപക്ഷം വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.